| Wednesday, 21st January 2026, 9:36 pm

എ സ്റ്റണ്ണര്‍ ഫ്രം സഞ്ജു; കോണ്‍വെയെ പറന്ന് പിടിച്ച് ചേട്ടന്‍!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങിയില്ലെങ്കിലും തകര്‍പ്പന്‍ ക്യാച്ചുമായി സഞ്ജു സാംസണ്‍. മത്സരത്തില്‍ കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കാനാണ് താരം സൂപ്പര്‍ ക്യാച്ചെടുത്തത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ഒന്നാം ഓവറിലായിരുന്നു സംഭവം.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനെത്തിയ കിവീസിനായി ക്രീസിലെത്തിയത് ഡെവോണ്‍ കോണ്‍വേയും ടിം റോബിന്‍സണുമാണ്. ആദ്യ പന്ത് നേരിട്ട കോണ്‍വേക്ക് റണ്‍സൊന്നും നേടാനായില്ല. രണ്ടാം പന്തില്‍ ബിഗ് ഷോട്ടിന് ശ്രമിച്ച താരം ഓഫ്സൈഡിലൂടെ അടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എഡ്ജായ പന്ത് സഞ്ജു പറന്ന് പിടിച്ച് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ കിവീസ് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്തിട്ടുണ്ട്. ടിം റോബിന്‍സണും ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്. റോബിന്‍സണ്‍ എട്ട് പന്തില്‍ 14 റണ്‍സും ഫിലിപ്‌സ് ആറ് പന്തില്‍ 12 റണ്‍സും എടുത്തു.

കോണ്‍വേക്ക് പുറമെ, രചിന്‍ രവീന്ദ്രയുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ ഒരു റണ്‍സാണ് താരത്തിന്റെ സ്‌കോര്‍. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ഈ വിക്കറ്റെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 238 റണ്‍സെടുത്തിരുന്നു. ടീമിനായി മികച്ച പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയാണ്. 35 പന്തില്‍ എട്ട് സിക്‌സുകളും അഞ്ച് ഫോറുമടക്കം 84 റണ്‍സാണ് താരം നേടിയത്. താരത്തിനൊപ്പം അവസാന ഓവറുകളില്‍ റിങ്കു സിങ്ങും തകര്‍ത്തടിച്ചു. താരം 20 പന്തില്‍ പുറത്താവാതെ 44 റണ്‍സെടുത്തു.

അഭിഷേക് ശര്‍മ. Photo: Johns/x.com

ഇവര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനം നടത്തി. സൂര്യ 22 പന്തില്‍ 32 റണ്‍സും ഹര്‍ദിക് 16 പന്തില്‍ 25 റണ്‍സും സ്‌കോര്‍ ചെയ്തു. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.

Content Highlight: Sanju Samson take a stunning catch against New Zealand in first T20 match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more