| Monday, 27th April 2026, 7:55 am

തല തലപ്പത്തുള്ള റെക്കോഡില്‍ ചേട്ടനും; തോല്‍വിയിലും ചിരിച്ച് സഞ്ജു

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. സായ് സുദര്‍ശന്റെ കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് കൊണ്ട് തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഒരു തകര്‍പ്പന്‍ സ്റ്റംപിങ് നടത്തിയിരുന്നു. ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കാനായിരുന്നു ചേട്ടന്റെ മിന്നല്‍ സ്റ്റംപിങ്.

ശുഭ്മൻ ഗില്ലിനെ സ്റ്റംപ് ചെയ്യുന്ന സഞ്ജു സാംസൺ. Photo: Sanju Samson Fans Page/x.com

നൂര്‍ അഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലെ വൈഡായി എറിഞ്ഞ നാലാം പന്തില്‍ ഷോട്ടടിക്കാന്‍ ഗില്‍ സ്റ്റെപ്ഔട്ട് ചെയ്തു. ഈ ശ്രമം വിഫലമായതോടെ ഗുജറാത്ത് നായകന്‍ കാല്‍ ക്രീസിലേക്ക് തിരിച്ചുകുത്താന്‍ ശ്രമിച്ചു. പക്ഷേ, അതിനകം പന്ത് കൈക്കലാക്കിയ സഞ്ജു ഗില്ലിന്റെ കാല്‍ മൈതാനത്ത് തൊടുന്നതിന് മുമ്പ് തന്നെ സ്റ്റംപിങ് നടത്തുകയായിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ താരങ്ങളില്‍ ആറാമനാകാനാണ് വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചത്. നിലവില്‍ മലയാളി ബാറ്ററുടെ പേരില്‍ 18 സ്റ്റംപിങ്ങുകളുണ്ട്.

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ മറികടന്നാണ് ഈ ലിസ്റ്റില്‍ സഞ്ജുവിന്റെ മുന്നേറ്റം. ഡി കോക്ക് ഐ.പി.എല്ലില്‍ 17 സ്റ്റംപിങ്ങുകളാണ് നടത്തിയിട്ടുള്ളത്. സാക്ഷാല്‍ എം.എസ്. ധോണിയാണ് ഈ നേട്ടത്തില്‍ ഒന്നാമത്. താരത്തിന്റെ പേരിലുള്ളത് 47 സ്റ്റംപിങ്ങുകളാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ താരങ്ങള്‍, എണ്ണം

എം.എസ്. ധോണി – 47

ദിനേശ് കാര്‍ത്തിക് – 37

റോബിന്‍ ഉത്തപ്പ – 32

വൃദ്ധിമാന്‍ സാഹ – 26

റിഷബ് പന്ത് -24

സഞ്ജു സാംസണ്‍ – 18*

ക്വിന്റണ്‍ ഡി കോക്ക് -17

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

മത്സരത്തില്‍ സഞ്ജുവിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ താരം 15 പന്തുകള്‍ നേരിട്ട് വെറും 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. രണ്ട് ഫോറുകളും ഈ ഇന്നിങ്സിലുണ്ടായിരുന്നു.

Content Highlight: Sanju Samson surpassed Quinton De Kock in most stumping in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more