| Monday, 2nd March 2026, 10:24 pm

ക്യാപ്റ്റന്‍ സ്‌കൈ വരെ മാറി നില്‍ക്കും; 'സൂപ്പര്‍ ഹിറ്റുമായി' സഞ്ജു

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 മത്സരം സഞ്ജു സാംസണ്‍ എന്ന താരത്തിന്റെ പ്രതിഭ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതായിരുന്നു. വിന്‍ഡീസിന് അഞ്ച് വിക്കറ്റിന് തകര്‍ത്ത് നീലപ്പട മുന്നേറിയപ്പോള്‍ ഈ മലയാളി താരത്തിന്റെ പേരാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന് കാരണം മറ്റെല്ലാ താരങ്ങളും വളരെ പെട്ടെന്ന് തന്നെ മടങ്ങിയപ്പോഴും 31കാരന്‍ കാണിച്ച അസാമാന്യ പോരാട്ട വീര്യം തന്നെയാണ്.

മത്സരത്തില്‍ 196 റണ്‍സ് പിന്തുടര്‍ന്ന് മെന്‍ ഇന്‍ ബ്ലൂ ജയിച്ച് ടി – 20 ലോകകപ്പിലെ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വിജയകരമായ ചെയ്സ് എന്ന ചരിത്രം കൂടിയാണ് കുറിച്ചത്. അതില്‍ നിര്‍ണായകമായതാകട്ടെ സഞ്ജുവിന്റെ അപരാജിത ഇന്നിങ്സുമാണ്. 50 പന്തില്‍ 97 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

സഞ്ജുവിന്റെ ഇന്നിങ്‌സില്‍ നാല് സിക്‌സുകളും 12 ഫോറുകളുമാണ് ഉണ്ടായിരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റേന്തിയത് 194.00 സ്‌ട്രൈക്ക് റേറ്റിലാണ്. ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും താരം തലപ്പത്തെത്തി. 31 കാരന്‍ ഒന്നാമതെത്തിയത് ഒരു ടി – 20 ലോകകപ്പിലെ ലീഗ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങളിലാണ്.

196 സ്‌ട്രൈക്ക് റേറ്റിലുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തുള്ളത്. ഈ ലിസ്റ്റില്‍ രണ്ടാമത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്. 2022ല്‍ താരം 194 സ്‌ട്രൈക്ക് റേറ്റിലാണ് ലീഗ് സ്റ്റേജില്‍ ബാറ്റേന്തിയത്.

ഒരു ടി – 20 ലോകകപ്പിലെ ലീഗ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍

(താരം – വര്‍ഷം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 2026 – 196

സൂര്യകുമാര്‍ യാദവ് – 2022 – 194

ഇഷാന്‍ കിഷന്‍ – 2026 – 185

രോഹിത് ശര്‍മ – 2024 – 159

ശിവം ദുബെ – 2026 – 157

ഹര്‍ദിക് പാണ്ഡ്യ – 2026 – 156

യുവരാജ് സിങ് – 2009 – 155

Content Highlight: Sanju Samson surpass Suryakumar Yadav in  highest strike rate for India in league stage of a T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more