2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരം ഫിനിഷ് ചെയ്ത ശേഷം സഞ്ജു പ്രാര്‍ത്ഥിക്കുന്നു
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 50 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കിടിലന്‍ പ്രകടനം നടത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്.
ഒരു ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്. 16 ബൗണ്ടറികളാണ് സഞ്ജുവിന്റെ വെടിക്കെട്ടില്‍ പിറന്നത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ റെക്കോഡ് മറികടന്നാണ് സഞ്ജു ഒന്നാമനായത്. മാത്രമല്ല ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍മാരെയെല്ലാം മലര്‍ത്തിയടിച്ചാണ് സഞ്ജുവിന്റെ കുതിപ്പ്.
സഞ്ജു സാംസണ്‍ – 16 (97*) – വെസ്റ്റ് ഇന്‍ഡീസ്
രോഹിത് ശര്‍മ – 15 (92) – ഓസ്‌ട്രേലിയ
സൂര്യകുമാര്‍ യാദവ് – 14 (84) – യു.എസ്.എ
സുരേഷ് റെയ്‌ന – 14 (101) – സൗത്ത് ആഫ്രിക്ക
ഇഷാന്‍ കിഷന്‍ – 13 (77) – പാകിസ്ഥാന്‍
മത്സരത്തില്‍ സഞ്ജുവിന് പുറകെ തിലക് വര്‍മ 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 18 റണ്‍സുമായാണ് മടങ്ങിയത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 17 റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 10 റണ്‍സിനും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതവും അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം വിന്‍ഡീസിന് വേണ്ടി 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് ടോപ് സ്‌കോറര്‍. 19 പന്തില്‍ 34* റണ്‍സ് നേടിയ റോവ്മാന്‍ പവലും 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായി ഹോപ്പും തിളങ്ങി. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍കള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങി.
Content Highlight: Sanju Samson Surpass Rohit Sharma In I Great Record In T20 World Cup