| Wednesday, 11th March 2026, 11:56 am

വെറും അഞ്ച് ഇന്നിങ്‌സുകള്‍ കൊണ്ട് ഗെയ്‌ലിനെയും ഡിവില്ലിയേഴ്‌സിനെയും മുട്ടുകുത്തിച്ചു; ലോകകപ്പില്‍ സഞ്ജുവിന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കലാശക്കൊട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു. ഇതിനെല്ലാം പുറമെ സഞ്ജു ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

സഞ്ജു സാംസണ്‍

ടി-20 ലോകകപ്പ് ചരിത്രത്തില്‍ 190+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഈ നേട്ടത്തില്‍ ഇതിഹാസ താരങ്ങളായ എ.ബി. ഡി വില്ലിയേഴ്‌സിനെയും ക്രിസ് ഗെയ്‌ലിനെയുമാണ് സഞ്ജു വെട്ടി വീഴ്ത്തിയത്. ലോകകപ്പില്‍ വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് താരം വെടിക്കെട്ട് ബാറ്റിങ് പുത്തെടുത്തത്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ 190+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ് (ഇന്നിങ്‌സ്)

സഞ്ജു സാംസണ്‍ – 297 (5)

എ.ബി. ഡി വില്ലിയേഴ്‌സ് – 289 (289)

ക്രിസ് ഗെയ്ല്‍ – 284 (31)

ഇഷാന്‍ കിഷന്‍ – 249 (10)

ഏയ്ഡന്‍ മാര്‍ക്രം – 217 (26)

സഞ്ജു സാംസണ്‍

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

അതേസമയം ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 54 ഇന്നിങ്സില്‍ നിന്ന് 1399 റണ്‍സാണ് സഞ്ജു അടിച്ചിട്ടത്. 28.55 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. 156.83 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും സഞ്ജു നേടി. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറടക്കംമൂന്ന് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Sanju Samson Surpass Chris Gayle And AB De Villiers In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more