| Friday, 6th March 2026, 8:58 pm

ഫൈനല്‍ അദ്ദേഹത്തിന്റെ ദിവസമാണ്; അഭിഷേകിനെ ചേര്‍ത്ത് പിടിച്ച് സഞ്ജു

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍യ്ക്ക് പിന്തുണയുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കരിയറില്‍ അഭിഷേകിന് ഉയര്‍ച്ച താഴ്ചകളുണ്ടായിരുന്നെന്നും ടീം അഭിഷേകിനൊപ്പമുണ്ടെന്നും സഞ്ജു. ഫൈനല്‍ അഭിഷേന്റെ ദിവസമായിരിക്കുമെന്നും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സഞ്ജു പറഞ്ഞു. മത്സര ശേഷം സംസാരിക്കുകയായിരുന്നു താരം.

അഭിഷേക് ശര്‍മ

‘കരിയറില്‍ അദ്ദേഹം തീര്‍ച്ചയായും നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഒരു വഴി കണ്ടെത്താന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ കുറച്ച് ഹിറ്റുകള്‍ക്ക് എല്ലാം മാറ്റിമറിക്കാനുള്ള കെല്‍പ്പുണ്ട്. ഞങ്ങള്‍ ഇപ്പോഴും അദ്ദേഹത്തില്‍ വിശ്വസിക്കുന്നു, ഫൈനല്‍ അഭിഷേന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. അവസാന ദിവസം അദ്ദേഹം തീര്‍ച്ചയായും മികച്ച പ്രകടനം കാഴ്ചവയ്ക്കും,’ സാംസണ്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ അഭിഷേക് ശര്‍മ ഏഴ് ഇന്നിങ്സില്‍ നിന്ന് 12.71 എന്ന ആവറേജില്‍ 89 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 55 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി പൂജ്യം റണ്‍സിന് താരം പുറത്തായിരുന്നു. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നമീബിയക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു.

സഞ്ജു സാംസണ്‍

വെടിക്കെട്ട് തുടക്കമായിരുന്നു സഞ്ജു ടീമിന് നല്‍കിയത്. എട്ട് പന്തില്‍ 22 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് സിംബാബ്‌വേക്കെതിരെ ലഭിച്ച അവസരത്തിലും മിന്നും തുടക്കം നല്‍കിയാണ് സഞ്ജു മടങ്ങിയത്. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* റണ്‍സ് നേടി പുറത്താകാതെ സഞ്ജു ടീമിനെ സെമിയിലെത്തിച്ചു.

സെമി ഫൈനലിലും ഇന്ത്യയുടെ രക്ഷകനായി അവതരിക്കാന്‍ സഞ്ജുവിന് സാധിച്ചു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്‌സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്.

മാര്‍ച്ച് എട്ടിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും സഞ്ജു മികച്ച പ്രകടനം നടത്തുമെന്നും ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sanju Samson Supports Abhishek Sharma Ahead T20 World Cup 2026 Final Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more