| Saturday, 7th March 2026, 10:33 am

പേട്രിയറ്റിലെ മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പിനേഷനായി കാത്തിരുന്നുവെന്ന് സഞ്ജു സാംസണ്‍; വൈറലായി പേട്രിയറ്റിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം

അശ്വിന്‍ രാജേന്ദ്രന്‍

കൊച്ചുകുട്ടികള്‍ അടക്കമുളള മലയാളി പ്രേക്ഷകരെ എന്നും ഹരം കൊള്ളിക്കുന്ന സംഭവമാണ് ലാലേട്ടന്റയും മമ്മൂക്കയുടെയും ഒത്തുചേരല്‍. മലയാള സിനിമയിലെന്നതിലുപരി ഇന്ത്യയിലെ തന്നെ അതികായരായ രണ്ട് മനുഷ്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് ഒരു ചിത്രത്തിലെത്തുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ സംഭവങ്ങളിലൊന്നാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഏപ്രില്‍ 23 ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാ മേഖലയില്‍ ചര്‍ച്ചയാണ്.

Shanmugam/ X.com

നിലവില്‍ രാജ്യത്തെ സെന്‍സേഷനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പേട്രിയറ്റിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ടി-20 ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ച് രാജ്യമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന സഞ്ജുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

എല്ലാവരെയും പോലെ താനും ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും മലയാള സിനിമയില്‍ എപ്പോഴും നടക്കുന്ന കോമ്പിനേഷനല്ല അതെന്നും താരം പറയുന്നു. ഒരുപാട് കഴിവുള്ള ആള്‍ക്കാരാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ മലയാളികളെയും രാജ്യത്തെ എല്ലാ സിനിമാ പ്രേമികളെയും പോലെ താനും ചിത്രത്തിനായി വലിയ എക്‌സൈറ്റ്‌മെന്റോടെയാണ് കാത്തിരിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ചാല്‍ മാത്രം സെമി എന്ന സാഹചര്യം നിലനില്‍ക്കവെ 50 പന്തില്‍ പുറത്താകാതെ സഞ്ജു 97 റണ്‍സെടുത്തിരുന്നു. സഞ്ജുവിന്റെ പ്രകടനത്തിന്റെ കരുത്തില്‍ വിജയിച്ച ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ച് സെമിയില്‍ പ്രവേശിച്ചിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം വാംഖണ്ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. 42 പന്തുകളില്‍ നിന്നും 89 റണ്‍സെടുത്ത താരത്തിന്റെ കരുത്തില്‍ 253 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. മത്സരത്തില്‍ ഏഴ് റണ്‍സിന് വിജയിച്ച് മാര്‍ച്ച് എട്ടിന് നടക്കുന്ന കലാശപോരിന് ഇന്ത്യ യോഗ്യത നേടുകയും ചെയ്തിരുന്നു.

സഞ്ജു സാംസണ്‍. Photo: Adorable/ X.com

അതേസമയം വലിയ പ്രതിസന്ധിയാണ് പേട്രിയറ്റിന് നേരിടേണ്ടി വന്നിരിക്കുന്നത്. തിയേറ്റര്‍ വിഹിതം കൂട്ടിച്ചോദിച്ചതിനാലാണ് ചിത്രത്തിന്റെ നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഫിയോകിന് കീഴിലുള്ള 450ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് സംഘടന നല്‍കുന്ന മുന്നറിയിപ്പ്. 140 കോടിയോളം രൂപയുടെ ബഡ്ജറ്റിലൊരുങ്ങിയ പേട്രിയറ്റിന് ആദ്യത്തെ രണ്ടാഴ്ച്ചകളില്‍ കളക്ഷന്റെ 60 ശതമാനം വിഹിതം നല്‍കണമെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം.

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിഗ് എംസിന് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Sanju Samson shares his excitement for Patriot Movie Featuring Mammootty  and Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more