| Tuesday, 23rd December 2025, 5:40 pm

സെഞ്ച്വറിയടിച്ചിട്ടും പുറത്താക്കിയത് ഇന്ത്യ മാത്രമല്ല, കേരളവും; രണ്ട് ബോര്‍ഡിനും മറുപടി നല്‍കാന്‍ സഞ്ജു നാളെ കളത്തില്‍

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നാളെ (ബുധന്‍) ത്രിപുരയ്‌ക്കെതിരെ കളത്തിലിറങ്ങുകയാണ്. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും.

രോഹന്‍ എസ്. കുന്നുമ്മലിന്റെ ക്യാപ്റ്റന്‍സിയിലാണ് കേരളം വിജയ് ഹസാരെ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണും ടൂര്‍ണമെന്റിനുള്ള കേരള സ്‌ക്വാഡിലുണ്ട്.

സഞ്ജു സാംസണ്‍

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സാംസണ്‍ ലിസ്റ്റ് എ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. 2023 ഡിസംബറിലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് സഞ്ജു സാംസണ്‍ അവസാനമായി 50 ഓവര്‍ മത്സരം കളിച്ചത്.

നിര്‍ണായകമായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷവും ഇന്ത്യയ്ക്ക് വേണ്ടിയോ കേരളത്തിന് വേണ്ടിയോ സഞ്ജു 50 ഓവര്‍ മത്സരം കളിച്ചിട്ടില്ല.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി. Photo/x.com

2024 വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവിന് അവസരം നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറായിരുന്നില്ല. ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടില്ല എന്ന് കാണിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ ഭാഗമാക്കാതിരുന്നത്.

2025ല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം സെലക്ഷനില്‍ പോലും കെ.സി.എയുടെ ഈ തീരുമാനം ബാധിക്കുമെന്ന് വ്യക്തമായിട്ട് പോലും കെ.സി.എ തങ്ങളുടെ കടുംപിടുത്തം തുടരുകയായിരുന്നു. ബി.സി.സി.ഐയില്‍ നിന്നും കെ.സി.എയില്‍ നിന്നും ഒരുപോലെ പിന്തുണ ലഭിക്കാത്ത അവസ്ഥയിലാണ് സഞ്ജു അന്ന് കടന്നുപോയത്.

സഞ്ജു സാംസണ്‍

എന്നാല്‍ ഇത്തവണ സഞ്ജു കേരള ജേഴ്‌സിയില്‍ 50 ഓവര്‍ മത്സരങ്ങള്‍ക്കിറങ്ങുകയാണ്. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന സഞ്ജു ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ഏകദിന ടീമിലും സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാന മത്സരത്തില്‍ സെഞ്ച്വറിയടിച്ചിട്ടും, 50 ഓവര്‍ ഫോര്‍മാറ്റില്‍ മോശമല്ലാത്ത ട്രാക്ക് റെക്കോഡുകളുണ്ടായിരുന്നിട്ടും ബി.സി.സി.ഐ എല്ലായ്‌പ്പോഴും താരത്തോട് വിമുഖത കാണിച്ചിരുന്നു. ഇതില്‍ ആരാധകര്‍ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

നാളെ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി താരത്തിന്റെ തിരിച്ചുവരവിന് കൂടിയായിരിക്കും വഴിയൊരുക്കുക എന്ന് തന്നെയാണ് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സ്‌ക്വാഡ്

രോഹന്‍ എസ്. കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസറുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഭിഷേക് ജെ. നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത് പ്രവീണ്‍ വി. ബിജു നാരായണ്‍, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്‌നേഷ് പുത്തൂര്‍, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഭിഷേക് പി. നായര്‍, ഷറഫുദീന്‍ എന്‍.എം. ഈഡന്‍ ആപ്പിള്‍ ടോം.

Content highlight: Sanju Samson set to play first List A match after 2023

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more