ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണ്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ നേടിയാണ് സഞ്ജു ഞെട്ടിച്ചത്. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് റണ്‍സ് നേടിയാണ് മടങ്ങിയത്.
മത്സരത്തിലെ ഒറ്റ സിക്‌സോടെ ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സഞ്ജു ഇടം നേടിയത്. ഈ അപൂര്‍വ ലിസ്റ്റില്‍ ഇടം നേടുന്ന ഒമ്പതാമത്തെ താരമാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളാണ് ആദ്യ പന്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം. മൂന്ന് തവണയാണ് ജെയ്സ്വാള്‍ ഇത്തരത്തില്‍ സിക്‌സര്‍ നേടിയത്. ബാക്കിയുള്ള താരങ്ങളെല്ലാം ഓരോ സിക്‌സ് വീതമാണ് നേടിയിട്ടുള്ളത്. റോബിന്‍ ഉത്തപ്പ, ഫില്‍ സാള്‍ട്ട്, നമന്‍ ഓജ, സുനില്‍ നരെയ്ന്‍, വിരാട് കോഹ്ലി, പ്രിയാന്‍ഷ് ആര്യ, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഹൈദരാബാദ് നിരയില്‍ അഭിഷേക് ശര്‍മ്മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 22 പന്തില്‍ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ആറ് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 39 പന്തില്‍ 59 റണ്‍സാണ് ക്ലാസന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്.
ചെന്നൈക്കായി അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടി.
ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജെയ്മി ഓവര്‍ട്ടണ്‍, മാത്യു ഷോര്‍ട്ട്, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവാങ് കുമാര്‍, പ്രഫുല്‍ ഹിഞ്ച്, സാക്കിബ് ഹുസൈന്‍, ഇഷാന്‍ മലിംഗ.
Content Highlight: Sanju Samson set a Rare Record in Indian premiere league