| Sunday, 14th December 2025, 6:52 am

രോഹിത്തിനോളം റണ്‍സ്, വെടിക്കെട്ട് വീരനേക്കാള്‍ വലിയ വെടിക്കെട്ട്, എന്നിട്ടും ടീമിന് പുറത്ത്; ഇന്നെങ്കിലും കരുണ കാട്ടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്.

ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒന്നിന് പിന്നാലെ ഒന്നായി കളിച്ച ഓരോ മത്സരത്തിലും ഫ്‌ളോപ്പാകുന്ന ശുഭ്മന്‍ ഗില്ലിനെ മാനേജ്‌മെന്റും കോച്ചും മൂന്നാം മത്സരത്തിലും നൂലില്‍ കെട്ടിയിറക്കിയാല്‍ സഞ്ജുവിന്റെ സാധ്യത കുറയും.

സഞ്ജു സാംസണ്‍. Photo: BCCI/x.com

അല്ലാത്തപക്ഷം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കണം. ജിതേഷിന് തിളങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലും സഞ്ജുവിനെ ബെഞ്ചിലിരുത്താന്‍ ഗംഭീര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ഓപ്പണറുടെ റോളില്‍ ഓരോ താരങ്ങളുടെയും അവസാന പത്ത് ഇന്നിങ്‌സുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഒന്നാമനാണ് സഞ്ജു. 42.00 ശരാശരിയില്‍ 378 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ടീം ശരാശരിയേക്കാള്‍ 13.1 കൂടുതല്‍!

ഈ പട്ടികയില്‍ രണ്ടാമതുള്ള ഋതുരാജ് ഗെയ്ക്വാദ് 375 റണ്‍സും നാലാം സ്ഥാനം പങ്കിടുന്ന വിരാട് കോഹ്‌ലിയും യശസ്വി ജെയ്‌സ്വാളും 353 റണ്‍സ് വീതവും നേടിയിട്ടുണ്ട്. 338 റണ്‍സുമായി അഭിഷേക് ശര്‍മയാണ് അഞ്ചാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തുള്ള ശുഭ്മന്‍ ഗില്‍ 181 റണ്‍സ് മാത്രമാണ് നേടിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

പ്രഹരശേഷിയുടെ കണക്കെടുത്താലും സഞ്ജു തന്നെയാണ് ഒന്നാമത്. 188.1 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റാണ് സഞ്ജുവിനുള്ളത്. രണ്ടാമതുള്ള അഭിഷേക് ശര്‍മയ്ക്കാകട്ടെ 173.3 എന്ന മികച്ച സ്‌ട്രൈക് റേറ്റുമുണ്ട്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

161.5 എന്ന സ്‌ട്രൈക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മയാണ് അവസാന പത്ത് ഇന്നിങ്‌സില്‍ ഏറ്റവും മികച്ച പ്രഹരശേഷിയില്‍ ബാറ്റ് വീശിയ മൂന്നാമത് ഓപ്പണര്‍. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും മാത്രമാണ് 150ന് മേല്‍ സ്‌ട്രൈക് റേറ്റുള്ളത് എന്നതും ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഓപ്പണറുടെ റോളില്‍ തന്റെ അവസാന പത്ത് ഇന്നിങ്‌സില്‍ നിന്നുമായി ശുഭ്മന്‍ ഗില്ലിനുള്ളതാകട്ടെ 137.1 എന്ന സ്‌ട്രൈക് റേറ്റാണ്.

സഞ്ജുവും അഭിഷേകും ടീം സ്‌ട്രൈക് റേറ്റിനേക്കാള്‍ യഥാക്രമം 25.4, 33.8 കൂടുതല്‍ സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ടീം സ്‌ട്രൈക് റേറ്റിനേക്കാള്‍ 2.4 കുറവാണ് ഗില്ലിന്റെ പ്രകടനം.

ശുഭ്മന്‍ ഗില്‍

ഏതൊരു അളവുകോലെടുത്ത് പരിശോധിച്ചാലും ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച ടി-20 ഓപ്പണര്‍ സഞ്ജുവാണെന്ന കാര്യത്തില്‍ ഒരു തരത്തിലുമുള്ള തര്‍ക്കമോ ചര്‍ച്ചകളോ സംശയമോ ഉണ്ടാകാനിടയില്ല. ഓരോ ക്രിക്കറ്റ് ആരാധകര്‍ക്കും ഇത് പകല്‍ പോലെ വ്യക്തമായിട്ടും അപെക്‌സ് ബോര്‍ഡിനും കോച്ചിനും സെലക്ടര്‍ക്കുമാണ് ഇക്കാര്യം ഇനിയും ബോധ്യം വരാത്തത്.

രണ്ട് മാസത്തിനപ്പുറം സ്വന്തം മണ്ണില്‍ ടി-20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തിലും അവസാന 17 ടി-20 ഇന്നിങ്‌സില്‍ ഒരിക്കല്‍പ്പോലും 50+ സ്‌കോര്‍ നേടാന്‍ സാധിക്കാത്ത ഗില്ലിനെ ഇത്രത്തോളം പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണ്.

Content Highlight: Sanju Samson scored most runs and highest strike rate in last 10 T20I innings than any other opener

Latest Stories

We use cookies to give you the best possible experience. Learn more