ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം നാളെ ആരംഭിക്കുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയ്ക്ക് കങ്കാരുക്കളുടെ നാട്ടില്‍ കളിക്കാനുള്ളത്.
ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിന് ശേഷം വിരാടും രോഹിത്തും ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്ന മത്സരമെന്ന നിലയിലും ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്ന മത്സരമെന്ന നിലയിലും പെര്‍ത്ത് ഏകദിനം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് സ്‌പെഷ്യലാണ്.
ഏകദിന സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ അവസാന ഏകദിനത്തില്‍, അതും സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ചും സ്വന്തമാക്കിയ സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാത്തതില്‍ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
അവസാന പത്ത് ഏകദിന ഇന്നിങ്‌സില്‍ നിന്നും 65+ ശരാശരിയിലും 101+ സ്‌ട്രൈക്ക് റേറ്റിലും 392 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. അവസാന പത്ത് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ നാലാം സ്ഥാനത്താണ് സഞ്ജു.
ഇക്കൂട്ടത്തിലെ ടോപ് ടെന്നില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തതും സഞ്ജുവും രോഹിത് ശര്‍മയും മാത്രമാണ്. ഈ പട്ടികയിലെ ഏറ്റവും മികച്ച ശരാശരി സഞ്ജുവിന്റേതാണെന്നതും എടുത്തുപറയണം.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍ – ബ്രാക്കറ്റില്‍ ശരാശരി|സ്‌ട്രൈക്ക് റേറ്റ്)
ശുഭ്മന്‍ ഗില്‍ – 488 (54|88)
ശ്രേയസ് അയ്യര്‍ – 439 (44|94)
രോഹിത് ശര്‍മ – 401 (40|117)
സഞ്ജു സാംസണ്‍ – 392 (65|101)
ഇഷാന്‍ കിഷാന്‍ – 371 (41|96)
വിരാട് കോഹ് ലി – 333 (37|84)
റിഷബ് പന്ത് – 326 (36|97)
അക്‌സര്‍ പട്ടേല്‍ – 261 (33|87)
കെ.എല്‍. രാഹുല്‍ – 244 (35|89)
ഇക്കൂട്ടത്തിലെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരും ഈ ഏകദിന പരമ്പരയുടെ ഭാഗമല്ല എന്നതും ശ്രദ്ധേയമാണ്.
ഏകദിന പരമ്പരയില്‍ ഇല്ലെങ്കിലും സഞ്ജു ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയുടെ ഭാഗമാണ്. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡ് തന്നെ ലക്ഷ്യം വെച്ച് വേണം സഞ്ജു ഇനി ബാറ്റ് വീശാന്‍.
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍.
Content highlight: Sanju Samson scored more runs than players including Virat Kohli in last 10 ODI matches