| Friday, 28th August 2026, 8:34 am

'അവന്മാര്‍ വിഴിഞ്ഞത്തുനിന്നാണ് വരുന്നത്, ബാഗിനകത്ത് മീനുണ്ടോ'; കേരള ടീമില്‍ തന്നെ പരിഹചിച്ചവരുണ്ടെന്ന് സഞ്ജു സാംസണ്‍

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ കേരള ടീമില്‍ കളിക്കുമ്പോള്‍ വിഴിഞ്ഞത്തുകാരനായതിന്റെ പേരില്‍ വലിയ രീതിയിലുള്ള പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കളിക്കുന്ന സമയത്ത് അവന്മാര്‍ വിഴിഞ്ഞത്തുനിന്നാണ് വരുന്നതെന്നും ബാഗിനകത്ത് മീനുണ്ടോ എന്ന് പറഞ്ഞ് കളിയാക്കലുകള്‍ കേല്‍ക്കേണ്ടി വന്നിരുന്നെന്നും സഞ്ജു പറഞ്ഞു. വിഴിഞ്ഞത്ത് നിന്നാണെങ്കിലും എവിടെ നിന്നാണെന്നും ആളുകളെ ഒരുപോലെ ട്രീറ്റ് ചെയ്യാന്‍ പഠിക്കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

‘പണ്ട് കളിക്കാന്‍ പോകുമ്പോള്‍ ‘അവന്മാര്‍ വിഴിഞ്ഞത്തുനിന്നാണ് വരുന്നത്, ബാഗിനകത്ത് മീനുണ്ടോ’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ചേട്ടന്‍മാരുണ്ട് കേരള ടീമില്‍. അന്ന് കളിയാക്കിയ ചേട്ടന്‍ ഇന്ന് ഫോണില്‍ വിളിച്ച് വലിയ കളിക്കാരനാണെന്ന് അഭിനന്ദിക്കാറുണ്ട്.

വിഴിഞ്ഞത്ത് നിന്നാണെങ്കിലും എവിടെ നിന്നാണെന്നും ആളുകളെ ഒരുപോലെ ട്രീറ്റ് ചെയ്യാന്‍ പഠിക്കണം.
താഴേത്തട്ടിലുള്ളവരെ ആദ്യം ചെറുതായി കണ്ടിട്ട്, അവര്‍ വളരുമ്പോള്‍ കൂടെനില്‍ക്കുന്നത് എന്ന് പറയുന്നതൊന്നും പാടില്ല. എല്ലാവരും ഈക്വലാണ്. ആര്‍ക്കും എന്തും നേടാന്‍ കഴിയുമെന്നാണ് ഞാന്‍ എന്റെ ജീവിതത്തിലൂടെ കാണിക്കുന്നത്,’ സഞ്ജു പറഞ്ഞു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

എന്നാല്‍ ലോകകപ്പിന് ശേഷം സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും നിറം മങ്ങിയത് കാരണമാക്കി അര്‍ഹിച്ച അവസരം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയിരുന്നില്ല.

2026 ടി-20 ലോകകപ്പില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത് ആരാധകരിലും അമ്പരപ്പാണ് ഉണ്ടാക്കിയിരുന്നത്. എങ്കിലും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്.

Content Highlight: Sanju Samson says there are those within the Kerala team who mocked him

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more