| Tuesday, 31st March 2026, 3:08 pm

മൂന്ന് ടീമില്‍ മോശം തുടക്കം ചെന്നൈയ്‌ക്കൊപ്പം, മികച്ചത് രാജസ്ഥാനും രണ്ടാമത് ഈ ടീമും

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

സഞ്ജു സാംസണ്‍-രവീന്ദ്ര ജഡേജ സ്വാപ് ഡീലിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയമധുരം നുണഞ്ഞ പിങ്ക് ആര്‍മി മികച്ച നെറ്റ് റണ്‍ റേറ്റുമായി ഒന്നാം സ്ഥാനത്തുമെത്തി.

മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഐ.പി.എല്ലിലെത്തിയ താരം ഏഴ് പന്തില്‍ ആറ് റണ്‍സുമായാണ് പുറത്തായത്. നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ബൗള്‍ഡായിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീമിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്റെ മോശം സ്‌കോറാണ് സഞ്ജു കഴിഞ്ഞ ദിവസം കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറ്റം കുറിച്ചപ്പോഴും, രാജസ്ഥാന് വിലക്ക് നേരിട്ട വര്‍ഷങ്ങളില്‍ ദല്‍ഹിക്കൊപ്പം കളത്തിലിറങ്ങിയപ്പോഴും ആദ്യ മത്സരത്തില്‍ സഞ്ജു ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

രാജസ്ഥാന്‍ ജേഴ്‌സിയില്‍

2013ല്‍ രാജസ്ഥാനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ 23 പന്ത് നേരിട്ട് പുറത്താകാതെ 27 റണ്‍സ് നേടിയ സഞ്ജു, 2016ല്‍ ദല്‍ഹിക്കൊപ്പം കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ 13 പന്തില്‍ 15 റണ്‍സും നേടിയിരുന്നു.

ദല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പം

അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജുവിന് പുറമെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ പാടെ തകര്‍ന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 11 പന്തില്‍ ആറ് റണ്‍സിന് മടങ്ങിയപ്പോള്‍ ആയുഷ് മാഹ്‌ത്രെ ഗോള്‍ഡന്‍ ഡക്കായും മാറ്റ് ഷോര്‍ട്ട് രണ്ട് റണ്‍സിനും പുറത്തായി.

ബൗളിങ് ഓള്‍റൗണ്ടര്‍ ജെയ്മി ഓവര്‍ടണിന്റെ ചെറുത്തുനില്‍പാണ് സൂപ്പര്‍ കിങ്‌സിനെ നൂറ് കടത്തിയത്. 36 പന്തില്‍ 43 റണ്‍സാണ് ഓവര്‍ടണ്‍ നേടിയത്.

സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 17), കാര്‍ത്തിക് ശര്‍മ (15 പന്തില്‍ 18) എന്നിവരാണ് ചെന്നൈ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍. എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 16 റണ്‍സും സൂപ്പര്‍ കിങ്‌സിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തി.

ഒടുവില്‍ 19.4 ഓവറില്‍ സൂപ്പര്‍ കിങ്‌സ് 127ന് പുറത്തായി.

രാജസ്ഥാനായി ജോഫ്രാ ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി വൈഭവ് സൂര്യവംശിയും യശസ്വി ജെയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ഏഴാം ഓവറിന്റെ രണ്ടാം പന്തില്‍ വൈഭവിന്റെ വിക്കറ്റ് വീഴും മുമ്പ് 75 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

17 പന്തില്‍ 52 റണ്‍സുമായി നില്‍ക്കവെ അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ സര്‍ഫറാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ജെയ്‌സ്വാള്‍ 36 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടി. ധ്രുവ് ജുറെല്‍ 18 റണ്‍സും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11* റണ്‍സും നേടിയതോടെ 47 പന്ത് ശേഷിക്കെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sanju Samson’s performance in his first match with each team in the IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more