2026 ലോകകപ്പിന് കര്‍ട്ടണ്‍ റെയ്‌സറെന്നോണം നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്.
ഇന്ത്യയാണ് ലോകകപ്പിന്റെ വേദികളിലൊന്ന് എന്നതിനാല്‍ തന്നെ ഈ മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്.
തന്റെ നാച്ചുറല്‍ പൊസിഷനിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ തന്നെയാണ് ഈ പരമ്പരയുടെ ഹൈലൈറ്റ്. ബി.സി.സി.ഐ വൈസ് ക്യാപ്റ്റനായി നൂലില്‍ കെട്ടിയിറക്കിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കാന്‍ അപെക്‌സ് ബോര്‍ഡ് തന്നെ നിര്‍ബന്ധിതരായതോടെയാണ് സഞ്ജുവിന് ഒരിക്കല്‍ക്കൂടി തന്റെ ഓപ്പണിങ് സ്ലോട്ട് തിരികെ ലഭിച്ചത്.
2024 ലോകകപ്പിന് ശേഷം ഇതുവരെ കാണാത്ത മറ്റൊരു സഞ്ജുവിനെയാണ് ആരാധകരും ബി.സി.സി.ഐയും ഒരുപോലെ കണ്ടത്. ശരാശരിയിലും സ്‌ട്രൈക് റേറ്റിലും വന്‍ കുതിച്ചുചാട്ടമാണ് സഞ്ജു നടത്തിയത്. ലോകകപ്പിന് മുമ്പും ശേഷവുമുള്ള 22 ഇന്നിങ്‌സുകളെടുത്ത് പരിശോധിക്കുമ്പോള്‍ ഇത് വ്യക്തവുമാണ്.
സഞ്ജു സാംസണ്‍. Photo: BCCI/x.com
ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം വെടിക്കെട്ടിനിറങ്ങുന്ന സഞ്ജു ഏത് ടീമിനും ദുസ്വപ്‌നങ്ങള്‍ സമ്മാനിക്കാന്‍ കെല്‍പുള്ളവനാണ്. ഇടംകൈ – വലംകൈ കോമ്പിനേഷനും നേരിടുന്ന ആദ്യ പന്ത് മുതല്‍ തന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ പോന്ന പൊട്ടെന്‍ഷ്യലും തന്നെയാണ് എകതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്നത്.
സഞ്ജുവും അഭിഷേകും. Photo: BCCI/x.com
ഇനിനെല്ലാം പുറമെ പക്കാ ടീം മാന്‍ ആണ് എന്നതാണ് സഞ്ജുവിനെ മറ്റാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സെഞ്ച്വറിക്കോ അര്‍ധ സെഞ്ച്വറിക്കോ തൊട്ടരികില്‍ നില്‍ക്കുമ്പോഴും വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന സഞ്ജു, ആ നിമിഷവും അറ്റാക്കിങ് ക്രിക്കറ്റിന് തന്നെയാണ് മുന്‍തൂക്കം നല്‍കാറുള്ളത്. പലപ്പോഴായി നാമത് കണ്ടതുമാണ്.
കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ബാറ്റെടുക്കും മുമ്പ് ന്യൂസിലാന്‍ഡിനെതിരെ സ്വയം തെളിയിക്കാനുള്ള അവസരമാണ് സഞ്ജുവിന് കൈവന്നിരിക്കുന്നത്. അവസരം താരം മികച്ച രീതിയില്‍ തന്നെ മുതലാക്കുമെന്നും റണ്ണടിച്ചുകൂട്ടുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Sanju Samson’s performance after 2024 T20 World Cup