| Tuesday, 13th January 2026, 9:01 am

'സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് സഞ്ജു കാണിച്ചു തന്നു, നിന്നെയോര്‍ത്ത് അഭിമാനം മാത്രം'

ആദര്‍ശ് എം.കെ.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും സൂപ്പര്‍ താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് ബാല്യകാല പരിശീലകന്‍ ബിജു ജോര്‍ജ്. മനസുവെച്ചാല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സഞ്ജു കാണിച്ചുതന്നതായി അദ്ദേഹം പറഞ്ഞു.

‘വലിയ സ്വപ്‌നങ്ങളും അതിനേക്കാള്‍ കരുത്തുറ്റ അച്ചടക്കവുമുള്ള 11 വയസുകാരനായാണ് ഞാന്‍ സഞ്ജുവിനെ ആദ്യം കണ്ടത്. കാലാവസ്ഥ എന്ത് തന്നെയുമാകട്ടെ അവന്‍ 5.30ന് പരിശീനലനത്തിലായി ഗ്രൗണ്ടിലെത്തുമായിരുന്നു.

പ്രാക്ടീസിന് ശേഷം ഗ്രൗണ്ടിന് സമീപത്തുള്ള ഒരു ടാപ്പില്‍ നിന്ന് കുളിയും കഴിഞ്ഞ് അവന്‍ നേരെ സ്‌കൂളിലേക്ക് ഓടും. വൈകീട്ട് കൃത്യം നാല് മണിക്ക് മെഡിക്കല്‍ കോളേജ് നെറ്റ്‌സില്‍ പ്രാക്ടീസിനെത്തും. ഏഴ് മണി വരെ വീണ്ടും കഠിനമായ പരിശീലനം. പിന്നെ വീട്ടിലേക്ക് 30 കിലോ മീറ്റര്‍ നീണ്ട യാത്ര. രണ്ട് ബസുകള്‍ മാറിക്കയറി, മൂന്ന് കിലോ മീറ്ററോളം നടന്നാണ് അവന്‍ പ്രാക്ടീസിനെത്തിയിരുന്നത്.

കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് അവന്‍ കാണിച്ചുതന്നു. നിന്നെയോര്‍ത്ത് ഏറെ അഭിമാനം,’ ബിജു ജോര്‍ജ് പറഞ്ഞു.

അതേസമയം, അടുത്ത മാസം നടക്കുന്ന ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന്റെ പത്താം എഡിഷന് വേദിയാകുന്നത്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

2024ല്‍ രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താനുറച്ചാണ് സൂര്യയും സംഘവും സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനും മൂന്ന് തവണ ലോകകപ്പ് ചൂടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇതിന് പോന്ന ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.

കഴിഞ്ഞ ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണ്‍ ഇത്തവണ ടീമിന്റെ ഓപ്പണറാണ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പമാകും താരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ബി.സി.സി.ഐ നൂലില്‍ കെട്ടിയിറക്കിയ ശുഭ്മന്‍ ഗില്ലിനെ പോലും മറികടന്നാണ് സഞ്ജു ടീമിന്റെ ഒന്നാം നമ്പര്‍ ഓപ്പണറായത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ ഗില്ലിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നടക്കം ബി.സി.സി.ഐക്ക് പുറത്താക്കേണ്ടിയും വന്നു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് എതിരാളികള്‍.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Content Highlight: Sanju Samson’s childhood coach praises him

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more