| Saturday, 20th December 2025, 12:50 pm

രണ്ട് സെഞ്ച്വറി, 21 സിക്‌സര്‍; സഞ്ജു സാംസണ്‍, അഥവാ സൗത്ത് ആഫ്രിക്കന്‍ മര്‍ദകന്‍

ആദര്‍ശ് എം.കെ.

കാലങ്ങളായുള്ള തഴയലിനും ബെഞ്ചിലിരിപ്പിനും ശേഷം ഓപ്പണറുടെ റോളിലേക്ക് സഞ്ജു സാംസണ്‍ മടങ്ങിയെത്തിയ മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഓപ്പണറായി കളത്തിലിറങ്ങുന്ന തന്നെ പിടിച്ചുകെട്ടാന്‍ ഒരു ബൗളറിനും അത്ര പെട്ടന്നൊന്നും സാധിക്കില്ല എന്ന് അടിവരയിടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

റെഡ് ഹോട്ട് ഫോമിലുള്ള അഭിഷേക് ശര്‍മയേക്കാള്‍ മികച്ച സ്‌ട്രൈക് റേറ്റില്‍ ബാറ്റ് വീശിയാണ് സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ഓപ്പണറായി കളത്തിലിറങ്ങുമ്പോള്‍ ഏങ്ങനെ ബാറ്റ് വീശണമെന്ന് ബി.സി.സി.ഐ നൂലില്‍ കെട്ടിയിറക്കിയ വൈസ് ക്യാപ്റ്റന്‍ കണ്ട് പഠിക്കേണ്ട ഇന്നിങ്‌സ് കൂടിയായിരുന്നു അത്.

22 പന്ത് നേരിട്ട് നാല് ഫോറും എണ്ണം പറഞ്ഞ രണ്ട് സിക്‌സറുമടക്കം 168.18 സ്‌ട്രൈക് റേറ്റില്‍ 37 റണ്‍സുമായാണ് സഞ്ജു കളം വിട്ടത്.

2024 അവസാനം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് സഞ്ജു ഒടുവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ബാറ്റെടുത്തത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും രണ്ട് ഡക്കുമായാണ് സഞ്ജു പ്രോട്ടിസായിനെ നേരിട്ടത്. ശേഷം, സ്വന്തം മണ്ണില്‍ സൗത്ത് ആഫ്രിക്കയെ ഒരിക്കല്‍ക്കൂടി സഞ്ജു അടിച്ചൊതുക്കി.

ടി-20യില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസണ്‍

ആകെ മത്സരം: 5

റണ്‍സ്: 253

ശരാശരി: 63.3

സ്‌ട്രൈക് റേറ്റ്: 190

സിക്‌സറുകള്‍: 21

ഫോര്‍: 17

സെഞ്ച്വറികള്‍: 2

അര്‍ധ സെഞ്ച്വറികള്‍: 0

ഉയര്‍ന്ന സ്‌കോര്‍: 109*

പരമ്പരയില്‍ തനിക്ക് പകരം ഓപ്പണറുടെ സ്ഥാനത്തേക്ക് ബി.സി.സി.ഐ പ്രതിഷ്ഠിച്ച ശുഭ്മന് ഗില്ലിനേക്കാള്‍ എത്രയോ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഗില്‍ മൂന്ന് മത്സരത്തില്‍ നിന്നും നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഒറ്റ മത്സരത്തില്‍ നിന്നും സഞ്ജു അടിച്ചെടുത്തു.

മികച്ച ശരാശരിയോ സ്ട്രൈക് റേറ്റോ ഇല്ലാതെയാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരമ്പരയില്‍ ബാറ്റ് വീശിയത്. 4(2), 0 (1), 28 (28) എന്നിങ്ങനെയാണ് ഗില്ലിന്റെ പ്രകടനം. ആകെ നേടിയത് 32 റണ്‍സ്. 10.66 ശരാശരി. സ്ട്രൈക് റേറ്റ് 103.2!

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കാര്യവും വ്യത്യസ്തമസല്ല. കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമില്‍ തുടരുന്ന സ്‌കൈ ഈ പരമ്പരയിലും പാടെ നിരാശപ്പെടുത്തി.

നാല് മത്സരത്തില്‍ നിന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് സ്വന്തമാക്കാന്‍ സാധിച്ചത് 8.5 ശരാശരിയില്‍ വെറും 34 റണ്‍സാണ്. സ്ട്രൈക് റേറ്റ് ആകട്ടെ വെറും 103.33ഉം. 12 (11), 5 (4), 12 (11), 5 (7) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ സൂര്യയുടെ പ്രകടനം.

Content Highlight: Sanju Samson’s brilliant batting performance against South Africa

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more