ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പര സന്ദർശകർ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് കിവീസിന്റെ പരമ്പര നേട്ടം. ഈ നേട്ടമാകട്ടെ ഇന്ത്യൻ മണ്ണിലെ ആദ്യ ഏകദിന പരമ്പര എന്ന ചരിത്രം സൃഷ്ടിച്ചാണ്.
അതായത് ഗംഭീറിന് കീഴിൽ മറ്റൊരു ഉറച്ച കോട്ട കൂടി ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരിക്കുന്നു. നേരത്തെ ഇതുവരെ തോൽക്കാത്ത വേദികളിൽ, പല ടീമുകൾക്ക് എതിരെയും വർഷങ്ങളായി തുടർന്നിരുന്ന ആധിപത്യങ്ങൾ മെൻ ഇൻ ബ്ലൂവിന് അടിയറവ് വെക്കേണ്ടി വന്നു. ടെസ്റ്റിൽ ന്യൂസിലാൻഡിന് എതിരെയും സൗത്ത് ആഫ്രിക്കയോടും ആദ്യമായി പരമ്പര കൈവിട്ടത് ഇതിന് ഉദാഹരണങ്ങളാണ്.
Photo: Team Samson/x.com
ഇതിന് പുറമെ, ഒട്ടനവധി നഷ്ടങ്ങളാണ് 2024ന് ശേഷം ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നത്. അപ്പോഴെല്ലാം അർഹതയുണ്ടായിട്ടും ടീമിൽ ഇടം പിടിക്കാത്തവർ ടീമിൽ ഇടം ലഭിച്ചിരുന്നില്ലെന്നത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ മറ്റൊരു ആധിപത്യം കൂടി കൈവിട്ടതോട് മലയാളി താരം സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദുമെല്ലാം മുഖ്യധാരയിലേക്ക് വന്നിരിക്കുകയാണ്.
അതിന് കാരണം ഈ മൂന്ന് പേരും അവസാനം കളിച്ച ഏകദിന മത്സരങ്ങളിലെ സ്കോർ തന്നെയാണ്. സഞ്ജുവും ജെയ്‌സ്വാളും ഗെയ്ക്വാദുമെല്ലാം ഇന്ത്യക്കായി അവസാനം കളിച്ച ഒ.ഡി.ഐയിൽ സെഞ്ച്വറിയടിച്ചാണ് തിരികെ കയറിയത്. മൂവരും സെഞ്ച്വറിയടിച്ചെങ്കിലും പിന്നീട് ടീമിനായി മറ്റൊരു മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം.
കിവീസിനെതിരെ ജെയ്‌സ്വാൾ സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലെയിങ് ഇലവനിൽ ഇടം പിടിക്കാനായില്ല. എന്നാൽ, മറ്റു രണ്ട് പേർക്കും സ്‌ക്വാഡിൽ പോലും എത്താൻ സാധിച്ചില്ല. ഇതിൽ തന്നെ സഞ്ജുവാണ് കൂടുതൽ അവഗണന നേരിടേണ്ടി വന്നത്.
സഞ്ജു സാംസൺ. Photo: CricketGully/x.com
സഞ്ജു ഇന്ത്യക്കായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത് രണ്ട് വർഷം മുമ്പ്, 2023 ഡിസംബറിലായിരുന്നു. അന്ന് പ്രോട്ടിയാസിനെതിരെ 114 പന്തിൽ 108 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ഇന്ത്യ പല എതിരാളികൾക്ക് എതിരെയും ഇറങ്ങിയപ്പോളും മലയാളി വിക്കറ്റ് കീപ്പറുടെ പേര് പരിഗണിക്കപ്പെട്ടില്ല.
ഈ കാലയളവിൽ സഞ്ജു ഇന്ത്യയ്ക്ക് മാത്രമല്ല, കേരളത്തിനായി പോലും ലിസ്റ്റ് എ യിൽ കളിക്കാൻ എത്തിയില്ല. 2025 – 26 വിജയ് ഹസാരെ ട്രോഫിയിൽ ലിസ്റ്റ് എയിലേക്ക് തിരിച്ചെത്തിയ താരമാകട്ടെ കളിച്ച ഏക മത്സരത്തിൽ സെഞ്ച്വറി തന്നെ അടിച്ചെടുത്തു. എന്നിട്ടും ടീമിന് പുറത്ത് തന്നെയാണ്.
സഞ്ജു രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഏകദിന ടോൺ നേടിയതെങ്കിൽ ജെയ്‌സ്വാളും ഗെയ്ക്വാദും 2025ലാണ് സെഞ്ച്വറി പ്രകടനം നടത്തിയത്. ഇരുവരും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലാണ് തിളങ്ങിയത്. 83 പന്തിൽ 102 റൺസായിരുന്നു ഗെയ്ക്വാദിന്റെ സമ്പാദ്യം. പ്രോട്ടിയാസിന് എതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി.
യശസ്വി ജെയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും Photo: CricketGully/x.com
പരമ്പരയിലെ തന്നെ മൂന്നാം മത്സരത്തിലാണ് ജെയ്‌സ്വാളിന്റെ സെഞ്ച്വറി പിറന്നത്.
169 പന്തിൽ പുറത്താവാതെ 116 റൺസുമായാണ് ഡിസംബറിൽ ആറിന് നടന്ന മത്സരത്തിൽ താരത്തിന്റെ താണ്ഡവം.
Content Highlight: Sanju Samson, Ruturaj Gaikwad, and Yashasvi Jaiswal have century in ODI and still out of Indian team