| Wednesday, 14th October 2026, 11:55 am

ഒറ്റ ഓവറിൽ അഞ്ച് സിക്സ്, 111 റൺസ്; ചരിത്രമെഴുതിയ മണ്ണിൽ വീണ്ടും കൊടുങ്കാറ്റാവാൻ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്നാണ് നടക്കുന്നത്. നിലവിൽ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുമ്പിലാണ്. ഹൈദരാബാദിൽ നടക്കുന്ന നാലാം മത്സരം വിജയിക്കാൻ സാധിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാൻ വിൻഡീസിനും വിജയം അനിവാര്യമാണ്.

മത്സരത്തിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് സൂപ്പർ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് വേണ്ടിയാണ്.

ഹൈദരാബാദിന്റെ മണ്ണിൽ സഞ്ജു വീണ്ടും ഇന്ത്യക്ക് വേണ്ടി ബാറ്റെടുക്കുമ്പോൾ ആരാധകരുടെ ഓർമകൾ രണ്ട് വർഷം പുറകോട്ടു പോയിട്ടുണ്ടാവും. സഞ്ജുവിന്റെ ടി-20 കരിയർ തന്നെ തിരുത്തിക്കുറിച്ച ഹൈദരാബാദിന്റെ മണ്ണിലാണ് സഞ്ജു വീണ്ടും കളത്തിലിറങ്ങുന്നത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 2024ലെ ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലായിൽ സഞ്ജു ആദ്യമായി ഇന്ത്യൻ ജേഴ്സിയിൽ 100 കടന്നത്. 47 പന്തിൽ 111 റൺസ് നേടിയായിരുന്നു സഞ്ജു തിളങ്ങിയത്.

അന്താരാഷ്ട്ര ടി-20യിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന ചരിത്ര നേട്ടത്തോടെയാണ് സഞ്ജു മൂന്നക്കം തൊട്ടത്.

ഇന്നിങ്സിൽ സഞ്ജു ആകെ നേടിയ എട്ട് സിക്‌സറിൽ അഞ്ചും ഒറ്റ ഓവറിൽ തന്നെയായിരുന്നു. ബംഗ്ലാ സൂപ്പർ സ്പിന്നർ റിഷാദ് ഹൊസൈനെതിരെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം. പത്താം ഓവറിലായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. ആദ്യ പന്ത് ഡോട്ടായതിന്റെ ക്ഷീണം അടുത്ത അഞ്ച് പന്തിലും സിക്‌സർ പറത്തിയാണ് സഞ്ജു തീർത്തത്.

സഞ്ജുവിന്റെ കരുത്തിൽ നിശ്ചിത ഓവറിൽ ഇന്ത്യ 297 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. മത്സരത്തിൽ ഇന്ത്യ 133 റൺസിന് വിജയിക്കുകയും ചെയ്തിരുന്നു.

ചരിത്രം കുറിച്ച അതേ മണ്ണിൽ തന്നെ വീണ്ടും ബാറ്റെടുക്കുമ്പോൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വിൻഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടി വമ്പൻ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നാലാം മത്സരത്തിൽ സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Content Highlight: Sanju Samson returns to play at the Hyderabad stadium, where he scored his maiden T20 century for India

Latest Stories

We use cookies to give you the best possible experience. Learn more