2026 ടി – 20 ലോകകപ്പ് നേടിയതില്‍ വലിയ സന്തോഷമുണ്ടെന്നും തിരിച്ചടികള്‍ നേരിട്ടപ്പോഴും കൂടെ നിന്ന ആരാധകര്‍ക്കായി തന്റെ പ്രകടനം സമര്‍പ്പിക്കുന്നുവെന്നും സഞ്ജു സാംസണ്‍. ടീമില്‍ സ്ഥാനമില്ലാത്തപ്പോഴും വലിയ പ്രകടനങ്ങള്‍ നടത്താത്തപ്പോഴും കേരളത്തിലെ ആരാധകര്‍ പിന്തുണച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.
മലയാളി ആരാധകര്‍ നല്‍കുന്ന സ്‌നേഹം കാണുമ്പോള്‍ കണ്ണും മനസും നിറയുന്നുവെന്നും ഏത് ഘട്ടത്തിലും അവര്‍ നല്‍കുന്ന പിന്തുണ കാണുമ്പോള്‍ തിരിച്ച് സന്തോഷം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോകകപ്പിന് ശേഷം വിഴിഞ്ഞത്തെ തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.
സഞ്ജു സാംസണ്‍. Photo: BCCI/x.com
‘ഇത്ര വലിയ ട്വിസ്റ്റ് ഉണ്ടാവുമെന്ന് ആ സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പ് നേടിയതില്‍ വലിയ സന്തോഷം. ഇപ്പോള്‍ മാത്രമല്ല, ടീമില്‍ സ്ഥാനമില്ലാത്തപ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്താത്തപ്പോഴും കേരളത്തിലെ ആരാധകര്‍ പിന്തുണച്ചിട്ടുണ്ട്. തിരിച്ചടികള്‍ നേരിട്ടപ്പോഴുമെല്ലാം കൂടെ നിന്ന ആരാധകര്‍ക്ക് തിരിച്ചൊരു സന്തോഷം നല്‍കണമെന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. ഈ പ്രകടനം അവര്‍ക്കായി സമര്‍പ്പിക്കുന്നു.
മനസ് നിറഞ്ഞിരിക്കുന്ന സമയമാണിത്. ക്രിക്കറ്റില്‍ ജയവും പരാജയവുമുണ്ടാകും. ചില സമയങ്ങളില്‍ മികച്ച പ്രകടനമവുമെല്ലാം നടത്താന്‍ സാധിക്കും. എന്നാല്‍, ആരാധകരുടെ ഇത്ര സത്യസന്ധമായ പിന്തുണ ലഭിക്കുന്നത് ഭാഗ്യമാണ്. അവരുടെ പ്രാര്‍ത്ഥനയും മെസേജുകളുമെല്ലാം കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകും. ഇതിന്റെ റീലുകളൊക്കെ ഭാര്യ കാണിച്ച് തരാറുണ്ട്.
പക്ഷേ, ഇത്രയും സ്‌നേഹം എനിക്ക് അര്‍ഹിക്കുന്നുണ്ടോയെന്ന് പോലും അറിയില്ല. അതിനാല്‍ തന്നെ എന്നെ സ്‌നേഹിക്കുന്ന, പ്രാര്‍ത്ഥനകള്‍ നടത്തുന്നവരോട് ഞാന്‍ നന്ദി പറയുന്നു,’ സഞ്ജു പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഐ.പി.എല്‍ തൊട്ടുള്ള ബന്ധമാണെന്നും മനസ് കൈവിട്ട നിമിഷത്തില്‍ അദ്ദേഹത്തെയാണ് ആദ്യം ഓര്‍മ വന്നതെന്നും സഞ്ജു പറഞ്ഞു. അപ്പോള്‍ ഒരുപാട് നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല കാര്യങ്ങളും എന്നോട് പങ്കുവെച്ചു.
ഈ ഘട്ടത്തില്‍ എങ്ങനെ ചിന്തിക്കണം, നേരിടണം, പരിശീലനം നടത്തണം എന്നെല്ലാം പറഞ്ഞു തന്നു. അതെല്ലാം പ്രചോദനമായി. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരക്കിടെയും ലോകകപ്പ് ഫൈനലിന് തലേന്നും എന്നെ വിളിച്ചു സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും കിട്ടാത്ത ഈ ഭാഗ്യം എനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
സഞ്ജു സാംസണ്‍. Photo: BCCI/x.com
2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ സഞ്ജുവിന്റെ പ്രകടനമായിരുന്നു നിര്‍ണായകമായത്. അഞ്ച് മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 321 റണ്‍സ് നേടിയിരുന്നു. ഈ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും താരം കരസ്ഥമാക്കി.
Content Highlight: Sanju Samson responds after winning T20 World Cup 2026