ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്.
ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു.
മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവാണ്.
2026ല്‍ ടി-20യില്‍ വീണ്ടും 85+ റണ്‍സ് കടന്നതോടെ ഒരു വമ്പന്‍ നേട്ടമാണ് മലയാളി താരം സ്വന്തമാക്കിയത്. കുട്ടി ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ 85+ റണ്‍സ് നേടുന്ന താരമായി മാറിയാണ് സഞ്ജു റെക്കോര്‍ഡിട്ടത്.
ഈ കലണ്ടര്‍ വര്‍ഷത്തിലെ സഞ്ജുവിന്റെ ആറാം 85+ സ്‌കോറാണ് ദല്‍ഹിക്കെതിരെ പിറന്നത്. ഈ നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിഹാസം വിരാട് കോഹ്‌ലിക്കൊപ്പമാണ് സഞ്ജുവെത്തിയത്. 2016ലായിരുന്നു കോഹ്‌ലി ആറ് തവണ 85+ റണ്‍സ് ടി-20യില്‍ അടിച്ചെടുത്തത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.
സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജപ്നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മെയ് 10ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson Reached Virat Kohli Record in T20