| Wednesday, 22nd October 2025, 4:26 pm

സഞ്ജു ടീം വിടുന്നതിന്റെ സൂചനയോ? ഇഷാന്‍ കിഷനെ റാഞ്ചാന്‍ മുംബൈക്കൊപ്പം രാജസ്ഥാനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026 മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്.ആര്‍.എച്ച്) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ നോട്ടമിട്ട് നിരവധി ടീമുകള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും മൂന്ന് ടീമുകളാണ് ജാര്‍ഖണ്ഡ് താരത്തെ നോട്ടമിടുന്നത്. കിഷന്റെ മുന്‍ ടീമും ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുമായി മുംബൈ ഇന്ത്യന്‍സാണ് ഒരു ടീം.

മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് (ആര്‍.ആര്‍) കിഷനെ ടീമിലെത്തിക്കാന്‍ നോക്കുന്ന മുന്‍പന്തിയിലുള്ള മറ്റൊരു ടീം. നേരത്തെ, ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സഞ്ജു ടീം വിടുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍, താരം ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. ഈ സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പറായ ഒരു താരത്തെ ടീമിലെത്തിക്കാന്‍ ആര്‍.ആര്‍ ശ്രമിക്കുന്നതെന്നാണ് ശ്രദ്ധേയം.

കൂടാതെ, കിഷന്‍ ഓപ്പണിങ് മുതല്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറക്കാന്‍ സാധിക്കുന്ന ഒരു താരം കൂടിയാണ്. താരം കഴിഞ്ഞ സീസണില്‍ എസ്.ആര്‍.എച്ചിനായി മൂന്നാം നമ്പറിലും നാലാം നമ്പറിലുമായി ബാറ്റ് ചെയ്തിരുന്നു. ഇതിന് പുറമെ മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ ഓപ്പണിങ്ങിലും ഇടം കൈയ്യന്‍ ബാറ്റര്‍ കളിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജു ടീം വിടുകയാണെങ്കില്‍ താരത്തിന് ഒത്ത പകരക്കാരനാവാന്‍ കിഷന് സാധിക്കും. അങ്ങനെയെങ്കില്‍ താരത്തിന് വേണ്ടി ആര്‍.ആറിന്റെ നീക്കം സഞ്ജു ടീം വിട്ടേക്കുമെന്നതിന്റെ സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, കിഷനായി മുംബൈക്കും രാജസ്ഥാനും പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിനെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, എസ്.ആര്‍.എച്ചിന് താരം ടീം വിടുന്നതില്‍ താത്പര്യമില്ലെന്നാണ് വിവരം.

Content Highlight: Is this a sign of Sanju Samson leaving the team? Rajasthan Royals and Mumbai Indians show interest in Ishan Kishan

We use cookies to give you the best possible experience. Learn more