തന്റെ ക്രിക്കറ്റ് ഐഡല്‍ ആരാണെന്ന് വ്യക്തമാക്കി സഞ്ജു സാംസണ്‍. ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ കുട്ടി സ്‌റ്റോറീസ് വിത്ത് ആഷ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സഞ്ജു തന്റെ ഹീറോയെ തെരഞ്ഞെടുത്തത്.
ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തന്നെ തെരഞ്ഞെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സഞ്ജുവിന്റെ ചോയ്‌സ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
ഇന്ത്യന്‍ എകദിന നായകന്‍ രോഹിത് ശര്‍മയെയാണ് സഞ്ജു തന്റെ ക്രിക്കറ്റ് ഹീറോയായി തെരഞ്ഞെടുത്തത്. സഞ്ജുവിന്റെ ഉത്തരത്തിന് പിന്നാലെ അശ്വിനും അത്ഭുതപ്പെട്ടിരുന്നു.
ഒരു ആരാധകന്‍ എന്ന നിലയില്‍ നിലവിലെ ഏത് താരത്തിന്റെ പ്രകടനമാണ് ഏറെ അത്ഭുതപ്പെടുത്തിയത് എന്ന ചോദ്യത്തിന് കഴിഞ്ഞ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച വൈഭവ് സൂര്യവംശിയുടെ പേരാണ് സഞ്ജു പറഞ്ഞത്.
വൈഭവ് സൂര്യവംശി വളരെ മികച്ച താരമാണെന്നും ശോഭനമായ ഭാവി താരത്തിന് മുമ്പിലുണ്ടെന്നും സഞ്ജു പറഞ്ഞു.
ഐ.പി.എല്‍ 2025ല്‍ വളരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 36 എന്ന ശരാശരിയിലും 206+ സ്‌ട്രൈക്ക് റേറ്റിലും 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതിനൊപ്പം ടി-20 ഫോര്‍മാറ്റിലെ പല റെക്കോഡുകളും താരം തകര്‍ക്കുകയും ചെയ്തിരുന്നു. ഐ.പി.എല്‍ 2025ന്റെ ഏറ്റവും മികച്ച ഫൈന്‍ഡിങ് കൂടിയായിരുന്നു സൂര്യവംശി.
അതേസമയം, സഞ്ജു രാജസ്ഥാനില്‍ നിന്നും പടിയിറങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. തന്നെ റിലീസ് ചെയ്യണമെന്ന് താരം ടീമിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നുകില്‍ തന്നെ റിലീസ് ചെയ്യുകയോ അതല്ലെങ്കില്‍ ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ ടീമിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സഞ്ജു രാജസ്ഥാന്‍ വിടുകയാണെങ്കില്‍ താരത്തെ ടീമിലെത്തിക്കാന്‍ മുന്‍പന്തിലിയിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എം.എസ്. ധോണിയുടെ പിന്‍ഗാമി എന്ന നിലയിലായിരിക്കും സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ കാണുന്നത്.
Content Highlight: Sanju Samson picks Rohit Sharma as his cricket idol