| Tuesday, 5th May 2026, 10:21 pm

തലസ്ഥാനത്ത് തലയെ വെട്ടി സഞ്ജു; അടിച്ചെടുത്തത് ഇതിഹാസ നേട്ടം

Sudev A

ഐ.പി.എല്ലില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ദല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടരുന്നതിനിടെയാണ് സഞ്ജു വമ്പന്‍ നേട്ടം കൈവരിച്ചത്.

ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു ആദ്യം പറത്തിയ സിക്‌സറിലൂടെ ഐ.പി.എല്ലില്‍ ചെയ്‌സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ എം.എസ് ധോണിയെ മറികടന്നിരിക്കുകയാണ് സഞ്ജു.

ധോണിയെ മറികടക്കാന്‍ ഒരു സിക്സര്‍ മാത്രമാണ് സഞ്ജുവിന് ഈ മത്സരത്തില്‍ വേണ്ടിയിരുന്നത്. ഐ.പി.എല്ലില്‍ പിന്തുടരുന്ന മത്സരങ്ങളില്‍ ഇതുവരെ 117 സിക്സുകളാണ് ധോണി നേടിയിരുന്നത്. ഇപ്പോള്‍ ധോണിയേയും മറികടന്നു കുതിച്ചിരിക്കുകയാണ് സഞ്ജു.

ഐ.പി.എല്ലില്‍ ചെയ്‌സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരങ്ങള്‍, സിക്സുകളുടെ എണ്ണം

ക്രിസ് ഗെയ്ല്‍-156

രോഹിത് ശര്‍മ-153

വിരാട് കോഹ്‌ലി-138

സഞ്ജു സാംസണ്‍-123

എം.എസ് ധോണി-117

കെ.എല്‍ രാഹുല്‍-115

ഡേവിഡ് വാര്‍ണര്‍-114

സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും സഞ്ജു ഈ സീസണില്‍ നേടിയിട്ടുണ്ട്. ഇതിലെ ആദ്യ സെഞ്ച്വറി ഇന്ന് നേരിടാന്‍ പോകുന്ന ദല്‍ഹിക്കെതിരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്.

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്‌നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Sanju Samson Ovartake MS Dhoni in a huge record list in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more