| Wednesday, 16th September 2026, 11:57 am

'എല്ലാം വളരെ വ്യക്തമായിരുന്നു' വൈഭവ് സൂര്യവംശിയുമായുള്ള വിഷയത്തിൽ പ്രതികരിച്ച് സഞ്ജു സാംസൺ

അഞ്ജലി പി.കെ.

ഇംഗ്ലണ്ട്, സിംബാബ്‌വേ ടീമുകൾക്കെതിരെയുള്ള ടി-20 പരമ്പരയിൽ ഓപ്പണിങ് റോളിലേക്ക് വൈഭവ് സൂര്യവംശിയെ പിന്തുണച്ച മാനേജ്‌മെന്റിന്റെ തീരുമാനം മനസിലാക്കാവുന്നതാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ.

തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ തനിക്ക് സാധിക്കാതിരുന്നതും വൈഭവ് സൂര്യവംശി മികച്ച ഫോമിൽ കളിച്ചിരുന്നതുമാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് സഞ്ജു പറഞ്ഞത്.

ഈ സമയങ്ങളിൽ പരിശീലകൻ ഗൗതം ഗംഭീർ തന്നോട് കാര്യങ്ങൾ വ്യക്തമായി സംസാരിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മലയാളി താരം.

‘ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത് എളുപ്പമുള്ള കാര്യമല്ല. 700-800 റൺസ് നേടിയെത്തിയ 15 വയസ്സുള്ള ഒരു കുട്ടിയെ നിങ്ങൾ കാണുന്നുണ്ട് . അതിന് മുമ്പായിരുന്നു എന്റെ ടൂർണമെന്റ്. പിന്നീട് അവൻ വളരെ മികച്ച പ്രകടനം നടത്തി. അതുകൊണ്ട് ഏതെങ്കിലും രീതിയിൽ അവന് ടീമിൽ അവസരം നൽകേണ്ടതുണ്ടായിരുന്നു.

രണ്ടോ മൂന്നോ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിഞ്ഞില്ല, എന്നാൽ അവൻ നല്ല ഫോമിലായിരുന്നു. ആ പരമ്പരയിൽ മത്സരങ്ങൾ ജയിക്കണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ആ തീരുമാനം മനസിലാക്കാവുന്നതായിരുന്നു’.

ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരിക്കുമ്പോൾ ഞാനും പല കടുത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അത് മനസിലാകും. അവിടെയാണ് ആശയവിനിമയം പ്രധാനമാകുന്നത്.

ജി.ജി (ഗൗതം ഗംഭീർ) ഭായിയുടെ ആശയവിനിമയം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു. ഈ പരമ്പരയ്ക്ക് മുമ്പും അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു ,’ സഞ്ജു കൂട്ടിചേർത്തു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുള്ളതിനാൽ, നേതൃത്വനിരയ്ക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നതിന്റെ കാരണം തനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ടീം മാനേജ്‌മെന്റും സെലക്ടർമാരും മലയാളി താരത്തോട് കുറച്ചുകൂടി കടുത്ത സമീപനമാണ് സ്വീകരിച്ചതെന്ന് ചില ആരാധകരും വിമർശകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ സാഹചര്യത്തെ തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നും സഞ്ജു പറഞ്ഞു.

2026ലെ ടി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷവും, തുടർച്ചയായുള്ള മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് സിംബാബ്‌വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലും താരത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ചെറിയ സ്കോറിന് പുറത്തായ സഞ്ജു, പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെറും 22 പന്തിൽ 57 റൺസ് നേടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതോടെ ഇന്ത്യ ഏഴ് വിക്കറ്റിന് മത്സരം വിജയിച്ചു . ഏഴ് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

Content Highlight: Sanju Samson on the Indian team’s decision to consider Vaibhav Suryavanshi for the opening role

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more