2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം അരങ്ങേറുക.
ആദ്യ വിജയം തേടിയാണ് ആതിഥേയരായ ചെന്നൈ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് പഞ്ചാബിനാകട്ടെ വിജയം തുടരുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്.
ഈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. താരത്തിന്റെ ചെന്നൈ ജേഴ്‌സിയിലെ മികച്ച പ്രകടനം പ്രതീക്ഷിച്ചായിരിക്കും ആരാധകര്‍ ചെപ്പോക്കിലെത്തുക.
സഞ്ജു സാംസൺ. Photo: Johns/x.com
ആരാധകരുടെ പ്രതീക്ഷകളുമായി ഇറങ്ങുന്ന സഞ്ജുവിന് ഈ മത്സരത്തില്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. പഞ്ചാബിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഴാമത്തെ താരമാകാനാണ് 31കാരന് സാധിക്കുക.
അതിനായി സഞ്ജുവിന് വേണ്ടത് വെറും രണ്ട് റണ്‍സ് മാത്രമാണ്. നിലവില്‍ താരത്തിന് പഞ്ചാബിനെതിരെ 25 ഇന്നിങ്‌സില്‍ നിന്ന് 796 റണ്‍സാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ ഡെവിള്‍സിനും വേണ്ടി ഇറങ്ങിയതാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ഈ മത്സരത്തില്‍ രണ്ട് റണ്‍സ് നേടാന്‍ സാധിച്ചാല്‍ സഞ്ജുവിന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടക്കാം. താരത്തിന് പഞ്ചാബിനെത്തിരെ 797 റണ്‍സാണുള്ളത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് 1159 റണ്‍സുള്ള വിരാട് കോഹ്ലിയാണ്.
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്ലി – 36 – 1159
ഡേവിഡ് വാര്‍ണര്‍ – 26 – 1134
ശിഖര്‍ ധവാന്‍ – 26 – 894
രോഹിത് ശര്‍മ – 32 – 880
ഫാഫ് ഡു പ്ലെസി – 18 – 831
സുരേഷ് റെയ്‌ന – 24 – 822
ക്രിസ് ഗെയ്ല്‍ – 16 – 797
സഞ്ജു സാംസണ്‍ – 25 – 796
റോബിന്‍ ഉത്തപ്പ – 31 – 772
ആദ്യ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ വെറും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഹോം ഗ്രൗണ്ടില്‍ വിക്കറ്റ് കീപ്പര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധരുടെ പ്രതീക്ഷ.
Content Highlight: Sanju Samson needs two runs to surpass Chris Gayle in most runs against Punjab Kings