| Saturday, 2nd May 2026, 12:38 pm

സഞ്ജു വേട്ടക്കിറങ്ങുന്നു; വാംഖഡെയിലെ താണ്ഡവം ആവര്‍ത്തിച്ചാല്‍ വാര്‍ണറും വീഴും!

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുകയാണ്. ഇന്ന് മെയ് രണ്ടിനാണ് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുന്നത്. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് ഈ മത്സരത്തിന് വേദിയാവുന്നത്.

ആദ്യ എല്‍ ക്ലാസിക്കോ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ചെന്നൈ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുക. മറുവശത്ത് വാംഖഡെയില്‍ പരാജയപ്പെട്ടതിന് പകരം വീട്ടുക എന്നതാവും മുംബൈയുടെ ലക്ഷ്യം.

ചിരവൈരികളായ ചെന്നൈയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. ആദ്യ എല്‍ ക്ലാസിക്കോയില്‍ സെഞ്ച്വറിയടിച്ച് താരം മിന്നി തിളങ്ങിയത് തന്നെയാണ് അതിന് കാരണം. വാംഖഡെയിലെ മികവ് ചെന്നൈയില്‍ മഞ്ഞക്കടലിന് മുന്നില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

മത്സരത്തിലെ ശ്രദ്ധകേന്ദ്രമാകുന്നതിനൊപ്പം ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ചവരില്‍ ഏഴാമതെത്താനാണ് മലയാളി ബാറ്റര്‍ക്ക് അവസരമുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിനുള്ളത് വെറും സിക്‌സുകളുടെ ദൂരമാണ്.

സഞ്ജു ഐ.പി.എല്ലില്‍ ഇതുവരെ 234 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ വിവിധ ടീമുകളാക്കായി 179 ഇന്നിങ്സുകളില്‍ കളിച്ചാണ് ചേട്ടന്‍ ഇത്രയും സിക്‌സുകള്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്. ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന് റോയല്‍സ്, സി.എസ്.കെ എന്നീ ടീമുകള്‍ക്കാണ് 31കാരന്‍ ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

മുംബൈക്കെതിരെ ഒരു മൂന്ന് സിക്‌സുകള്‍ അടിച്ചാല്‍ സഞ്ജുവിന് എസ്.ആര്‍.എച്ച് ലെജന്‍ഡ് ഡേവിഡ് വാര്‍ണറെ പിന്തള്ളി ഏഴാമനാകാം. ഐ.പി.എല്ലില്‍ 184 ഇന്നിങ്‌സില്‍ കളിച്ച ഓസീസ് ബാറ്റര്‍ നേടിയത് 236 സിക്‌സുകളാണ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 271 – 310

വിരാട് കോഹ്ലി – 268 – 306

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251

ഡേവിഡ് വാര്‍ണര്‍ – 184 – 236

സഞ്ജു സാംസണ്‍ – 179 – 234

കെ.എല്‍. രാഹുല്‍ – 144 – 232

ആന്ദ്രേ റസല്‍ – 115 – 223

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

19ാം സീസണില്‍ ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു മുംബൈക്കെതിരെയുള്ള സെഞ്ച്വറിയടക്കം രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇതുവരെ ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ നിന്ന് 304 റണ്‍സാണ് താരം എടുത്തിട്ടുള്ളത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താവാതെ നേടിയ 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 50.67 ശരാശരിയിലും 169.83 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ മലയാളി ബാറ്ററുടെ ബാറ്റിങ്.

Content Highlight: Sanju Samson needs three sixes to become seventh batter in most sixes in IPL history by surpassing David Warner

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more