വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് വേണ്ടിയാണ്. വിന്‍ഡീസിനെതിരെ തകര്‍ത്തടിച്ചാല്‍ ഒരു സൂപ്പര്‍ റെക്കോഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും രണ്ട് സികസറുകളും.
ഇന്ത്യയ്ക്കായി 100 ടി-20 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതുവരെ അഞ്ച് താരങ്ങള്‍ക്ക് മാത്രം ചെന്നെത്താന്‍ സാധിച്ച ചരിത്ര നേട്ടത്തിലെത്താനാണ് സഞ്ജുവിന് അവസരമൊരുങ്ങുന്നത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍.
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 151 – 205
സൂര്യകുമാര്‍ യാദവ് – 107 – 179
അഭിഷേക് ശര്‍മ – 63 – 136
ഹര്‍ദിക് പാണ്ഡ്യ – 109 – 126
വിരാട് കോഹ്‌ലി – 117 – 124
കെ.എല്‍. രാഹുല്‍ – 68 – 99
സഞ്ജു സാംസണ്‍ – 66 – 98
തിലക് വര്‍മ – 63 – 90
ഇഷാന്‍ കിഷന്‍ – 63 – 87
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 41 പന്തില്‍ 82 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നിരുന്നാലും നിര്‍ണായകമായ നാലാം മത്സരത്തില്‍ സഞ്ജു മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ്. നാല് ഓവറുകള്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്.
ബൗളിങ്ങിന് പുറമെ ബാറ്റിങ്ങില്‍ തിളങ്ങാനും അര്‍ഷ്ദീപിന് സാധിച്ചിരുന്നു. എട്ട് പന്തില്‍ നിന്ന് ഒരു സിക്‌സര്‍ ഉള്‍പ്പെടെ 11 റണ്‍സ് നേടിയ അര്‍ഷ്ദീപിന് മത്സരത്തിലെ താരമാകാനും കഴിഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ അഞ്ച് സിക്സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
Content Highlight: Sanju Samson needs just two more sixes to complete 100 sixes in international T20s