| Saturday, 4th July 2026, 3:16 pm

ഇതിഹാസ നേട്ടത്തിനരികില്‍ സഞ്ജു; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ചേട്ടന്‍

ഫസീഹ പി.സി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് (ജൂലൈ നാല്) രാത്രി ഏഴ് മണിക്കാണ് മത്സരം അരങ്ങേറുക. ഇംഗ്ലണ്ട് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്.

പരമ്പരയിലെ ഒന്നാം ടി – 20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പരമ്പരയില്‍ ലീഡ് നേടാനായിരിക്കും ഇന്ത്യന്‍ സംഘത്തിന്റെയും ഇംഗ്ലീഷ് പടയുടെയും ലക്ഷ്യം.

ഈ മത്സരത്തിനായി ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രണ്ടാം ടി – 20യില്‍ തിളങ്ങിയാല്‍ സഞ്ജുവിന് മുന്നില്‍ ഒരു തകര്‍പ്പന്‍ നാഴികക്കല്ല് പിന്നിടാനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന നേട്ടമാണ് മലയാളി ബാറ്ററെ കാത്തിരിക്കുന്നത്.

ഈ മൈല്‍സ്റ്റോണിലെത്താന്‍ സഞ്ജുവിന് വേണ്ടത് 95 റണ്‍സ് മാത്രമാണ്. ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 64 ടി – 20 മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ 1405 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് താരം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചത്.

ഇംഗ്ലണ്ടിനെതിരെ 95 റണ്‍സെടുത്താല്‍ ടി – 20ഐയില്‍ 1500 റണ്‍സ് നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ. എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്ന, അഭിഷേക് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം, ടി – 20 ലോകകപ്പിന് ശേഷം കളിച്ച മൂന്ന് മത്സരത്തിലും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ താരം പാടെ നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ കളിച്ച താരം വെറും അഞ്ച് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി – 20യില്‍ താരത്തിന്റെ സമ്പാദ്യം ഏഴ് പന്തുകളില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രമാണ്.

Content Highlight: Sanju Samson needs 95 runs to complete 1500 T20I runs

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more