അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ടാം ടി – 20 മത്സരത്തിനായി ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് (ജൂണ്‍ 28) ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക.
തോല്‍വിയോടെ ക്യാപ്റ്റന്‍സി അരങ്ങേറ്റം തുടങ്ങിയ ശ്രേയസ് അയ്യര്‍ക്കും ആദ്യ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മറുവശത്ത് രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കുകയാവും അയര്‍ലാന്‍ഡിന്റെ ലക്ഷ്യം.
ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്.
രണ്ടാം ടി – 20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കാന്‍ അവസരമുണ്ട്. ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നേറാനാണ് മലയാളി ബാറ്റര്‍ക്ക് സാധിക്കുക.
നിലവില്‍ ഈ ലിസ്റ്റില്‍ സഞ്ജു നാലാം സ്ഥാനത്താണ്. അയര്‍ലാന്‍ഡിനെതിരെ നാല് ഇന്നിങ്‌സില്‍ കളിച്ച താരം 123 റണ്‍സെടുത്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.
നാല് ഇന്നിങ്‌സില്‍ നിന്ന് രോഹിത് 201 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ 200 റണ്‍സ് നേടിയ ഏക താരവും ഹിറ്റ്മാന്‍ തന്നെയാണ്. ഈ മത്സരത്തില്‍ 78 റണ്‍സെടുത്താല്‍ സഞ്ജുവിന് രോഹിത്തിനെ മറികടക്കാന്‍ സാധിക്കും.
(താരം – ടീം – മത്സരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 4 – 201
ആന്‍ഡി ബാല്‍ബിര്‍ണി – അയര്‍ലാന്‍ഡ് – 7 – 161
ദീപക് ഹൂഡ – ഇന്ത്യ – 2 – 151
സഞ്ജു സാംസണ്‍ – ഇന്ത്യ – 4 – 123
ഹാരി ടെക്ടര്‍ – അയര്‍ലാന്‍ഡ് – 6 – 123
ജോര്‍ജ്ജ് ഹെന്റി ഡോക്രെല്‍ – അയര്‍ലാന്‍ഡ് – 8 – 87
Content Highlight: Sanju Samson needs 78 runs to become top scorer in India vs Ireland T20I by surpassing Rohit Sharma