ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി -20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരമ്പരയില്‍ രണ്ട് ടി – 20 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ജൂണ്‍ 26നാണ് ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ടാം മത്സരം ജൂണ്‍ 28നാണ് നടക്കുക.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഒപ്പം ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടിയതിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്ന ആദ്യ പരമ്പരയും ഇത് തന്നെയാണ്.
ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ കുപ്പായത്തിലേക്ക് തിരിച്ചെത്തുന്ന സഞ്ജുവിന് ഈ പരമ്പരയില്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ടി – 20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് മലയാളി വിക്കറ്റ് കീപ്പര്‍ക്ക് അവസരമുള്ളത്.
ഇതിനായി സഞ്ജുവിന് വേണ്ടത് 123 റണ്‍സാണ്. നിലവില്‍ താരത്തിന് ടി – 20യില്‍ 8877 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 1399 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. 62 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്ര റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.
ഐ.പി.എല്ലില്‍ നിന്ന് 5181 റണ്‍സും സഞ്ജു തന്റെ അക്കൗണ്ടിലെത്തിച്ചു. 191 മത്സരങ്ങളില്‍ കളിച്ച താരം ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളുമാണ് അടിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഈ ഫോര്‍മാറ്റില്‍ മലയാളി താരം കളത്തിലിറങ്ങിയത്.
അതേസമയം, അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ 9000 റണ്‍സ് നേടാനായാല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനും സൂര്യകുമാര്‍ യാദവും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
വിരാട് കോഹ്ലി – 413 – 14218
രോഹിത് ശര്‍മ – 459 – 13249
സൂര്യകുമാര്‍ യാദവ് – 347 – 9729
ശിഖര്‍ ധവാന്‍ – 331 – 9797
സഞ്ജു സാംസണ്‍ – 327 – 8877
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറായായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ അയര്‍ലാന്‍ഡ് പരമ്പരയിലും സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Sanju Samson needs 123 runs to complete 9000 runs in T20