| Monday, 18th May 2026, 4:00 pm

ഒന്നടിച്ചാല്‍ ഗില്ലിനൊപ്പം, രണ്ടടിച്ചാല്‍ വിരാടിനൊപ്പം; ചരിത്ര നേട്ടത്തിനരികെ സഞ്ജു

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട ചെന്നൈക്ക് ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഈ സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരങ്ങള്‍ക്കൊപ്പം സഞ്ജുവിന് സ്ഥാനം പിടിക്കാനാവും. ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടിയാല്‍ സഞ്ജുവിന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ റെക്കോഡിനൊപ്പമെത്താന്‍ സാധിക്കും. 2024 സീസണില്‍ മൂന്ന് സെഞ്ച്വറികളായിരുന്നു ഗില്‍ അടിച്ചെടുത്തത്.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് രണ്ട് താരങ്ങള്‍ മാത്രമാണ്. നാല് സെഞ്ച്വറികള്‍ വീതം നേടിയ വിരാട് കോഹ്ലിയും, ജോസ് ബട്ലറുമാണ് ഈ നേട്ടത്തിലുള്ളത്. വിരാട് 2016ലും ബട്ലര്‍ 2022ലുമാണ് നാല് വീതം സെഞ്ച്വറികള്‍ സ്വന്തമാക്കിയത്.

അവസാന മത്സരത്തില്‍ ഗുജറാത്തിനെതിരെയും സെഞ്ച്വറി നേടിയാല്‍ ഇരു താരങ്ങള്‍ക്കൊപ്പമെത്താനും മലയാളി താരത്തിന് സാധിക്കും. നിലവില്‍ ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയ ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊപ്പമാണ് സഞ്ജു. രണ്ട് മത്സരങ്ങളില്‍ സഞ്ജു ഇത്രയധികം സെഞ്ച്വറികള്‍ നേടാനാവുമോയെന്നും കണ്ടുതന്നെ അറിയണം.

സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

അതേസമയം ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും പ്ലേ ഓഫിലെത്താന്‍ ചെന്നൈക്കെതിരെ വിജയം അനിവാര്യമാണ്. 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 14 പോയിന്റാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്.

Content Highlight: Sanju Samson need two century to create a new record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more