ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി -20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്നാണ് നടക്കുന്നത്. വെല്ലിങ്ടണിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശ്രേയസ് അയ്യരും സംഘവും ന്യൂസിലാൻഡിനെതിരെ ശക്തമായ ആധിപത്യവുമായാണ് കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. മറുഭാഗത്ത് സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ കിവികൾക്ക് ഇന്നത്തെ മത്സരം അതിനിർനായകമാണ്.
മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു പുതിയ ചരിത്ര നേട്ടമാണ്. ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ 50 സിക്സുകൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്ക് നടന്നു കയറാനാണ് സഞ്ജു ഒരുങ്ങുന്നത്.
ഈ ചരിത്ര നേട്ടത്തിലേക്ക് അടിച്ചുകയറാൻ സഞ്ജുവിന് വേണ്ടത് വെറും മൂന്ന് സിക്സുകൾ മാത്രമാണ്. നിലവിൽ 2026ൽ വിക്കറ്റ് കീപ്പറായി 47 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഗാലറികളിൽ എത്തിയത്. ലോകത്ത് ഒരു വിക്കറ്റ് കീപ്പർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഈ നേട്ടം മലയാളികളുടെ അഭിമാനമായ സഞ്ജു നേടിയെടുക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ നേടിയ ഒറ്റ സിക്സറിൽ ഈ വർഷം ഇന്ത്യക്ക് വേണ്ടി 50 സിക്സുകൾ പൂർത്തിയാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഒരു കലണ്ടർ ഇയറിൽ 50 സിക്സുകൾ നേടുന്ന നാലാമത്തെ താരമായും (ഫുൾ മെബേർസ്) സഞ്ജു മാറിയിരുന്നു.
അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർക്ക് ശേഷമാണ് സഞ്ജു ഈ നേട്ടത്തിലേക്ക് നടന്നു കയറിയത്. അഭിഷേക് ശർമ രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വിക്കറ്റ് കീപ്പറായും ഈ നേട്ടം കൈപ്പിടിയിലാക്കാൻ ഒരുങ്ങുകയാണ് സഞ്ജു.
കഴിഞ്ഞ മത്സരത്തിൽ 17 പന്തിൽ 14 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജു അർധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയായിരുന്നു. മൂന്നാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Sanju Samson need three six to create a new history in T20I