ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം നാളെയാണ് നടക്കുന്നത്. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
രണ്ടാം ടി-20യില്‍ സഞ്ജു സാംസണിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
ഇനിയുള്ള മൂന്ന് മത്സരങ്ങളിലും കളത്തിലിറങ്ങിയാല്‍ സഞ്ജുവിന് കുട്ടിക്രിക്കറ്റില്‍ പുത്തന്‍ നാഴികക്കല്ലും സ്വന്തമാക്കാന്‍ സാധിക്കും. ടി-20യില്‍ 350 മത്സരങ്ങളെന്ന പുതിയ മൈല്‍സ്റ്റോണാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതുവരെ 347 മത്സരങ്ങളിലാണ് സഞ്ജു ടി-20യില്‍ കളിച്ചിട്ടുള്ളത്.
ഇന്ത്യ, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തിലിറങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 8883 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു. 14 ഇന്നിങ്സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്.
അതേസമയം മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടി-20 ഇംഗ്ലണ്ട് നാല് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
Content Highlight: Sanju Samson need three match to set a new record in T20 cricket