| Friday, 3rd July 2026, 6:03 pm

രാഹുലിനെ വെട്ടാന്‍ സഞ്ജു; കളത്തിലിറങ്ങിയാല്‍ റണ്‍സടിക്കാതെ റെക്കോഡിടാം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിനിറങ്ങിയാല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും സഞ്ജുവിനുണ്ട്. ഈ നേട്ടത്തിനായി സഞ്ജു റണ്‍സ് നേടേണ്ടതില്ല. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രം മതി.

മത്സരത്തില്‍ മൂന്ന് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാന്‍ സഞ്ജുവിന് സാധിക്കും.

ഈ പട്ടികയില്‍ കെ.എല്‍ രാഹുലിനെ മറികടക്കാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്. ഇതുവരെ 26 ക്യാച്ചുകളാണ് സഞ്ജു നേടിയത്. രാഹുല്‍ 28 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ള മറ്റ് താരങ്ങള്‍. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയാണ്.

ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. അയര്‍ലാന്‍ഡ് പരമ്പരയിലെ രണ്ട് ഇന്നിങ്സില്‍ നിന്നായി വെറും അഞ്ച് റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി-20യിലും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ യുവ താരം വൈഭവ് സൂര്യവംശിക്കാണോ സഞ്ജുവിനാണോ അവസരം ലഭിക്കുക എന്നത് കണ്ടറിയണം. കഴിഞ്ഞ അയര്‍ലാന്‍ഡ് സീരീസില്‍ വൈഭവ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഓപ്പണിങ്ങില്‍ സഞ്ജു പരാജയപ്പെടുമ്പോള്‍ എന്ത് തീരുമാനമാണ് ടീം മാനേജ്‌മെന്റ് എടുക്കുക എന്ന് കണ്ടറിയണം.

Content Highlight: Sanju Samson Need Three Keeper Catch To Achieve Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more