| Tuesday, 12th May 2026, 12:28 pm

പുതിയ ചരിത്രത്തിനരികെ സഞ്ജു; അടിച്ചുകയറേണ്ടത് ആരും എത്താത്ത കൊടുമുടിയിലേക്ക്

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നേറുകയാണ്. നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് ജയവുമായി 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവും.

മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ഈ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്.

ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഈ സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായും സഞ്ജുവിന് മാറാനാവും. ഇതിനായി മൂന്ന് മത്സരങ്ങളിലും സഞ്ജു 100 കടക്കണം.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് രണ്ട് താരങ്ങള്‍ മാത്രമാണ്. നാല് സെഞ്ച്വറികള്‍ വീതം നേടിയ വിരാട് കോഹ്ലിയും, ജോസ് ബട്‌ലറുമാണ് ഈ നേട്ടത്തിലുള്ളത്. വിരാട് 2016ലും ബട്‌ലര്‍ 2022ലുമാണ് നാല് വീതം സെഞ്ച്വറികള്‍ സ്വന്തമാക്കി അമ്പരിപ്പിച്ചത്.

അതുകൊണ്ട് തന്നെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഹാട്രിക് സെഞ്ച്വറി നേടി സഞ്ജുവിന് ഈ വലിയ നേട്ടത്തിലേക്ക് നടന്നു കയറാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഒരു സെഞ്ച്വറി കൂടി നേടിയാല്‍ മൂന്ന് സെഞ്ച്വറികള്‍ ഒരു സീസണില്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ റെക്കോഡിനൊപ്പമെത്താനും സഞ്ജുവിന് സാധിക്കും. നിലവില്‍ ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയ ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊപ്പമാണ് സഞ്ജു.

സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

മെയ് 15ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് സി.എസ്.കെയുടെ അടുത്ത മത്സരം. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson need three century create a new history in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more