| Wednesday, 1st July 2026, 8:05 am

ഒറ്റ റണ്‍സ് നേടാതെ ചരിത്രമെഴുതാം; വമ്പന്‍ നേട്ടത്തിനരികെ സഞ്ജു

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കമാവും. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പര പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ പ്രകടനം തന്നെയാവും ആരാധകര്‍ ഉറ്റുനോക്കുക. ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ഒരു വമ്പന്‍ റെക്കോഡ് കൈവരിക്കാനുള്ള അവസരമുണ്ട്. ഈ നേട്ടത്തിനായി സഞ്ജു റണ്‍സ് നേടേണ്ടതില്ല. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയാല്‍ മതി.

മത്സരത്തില്‍ മൂന്ന് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാന്‍ സഞ്ജുവിന് സാധിക്കും.

ഈ പട്ടികയില്‍ കെ.എല്‍ രാഹുലിനെ മറികടക്കാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്. ഇതുവരെ 26 ക്യാച്ചുകളാണ് സഞ്ജു നേടിയത്. രാഹുല്‍ 28 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ള മറ്റ് താരങ്ങള്‍. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയാണ്.

അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണ് മടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ട് ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

അതേസമയം ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹാരി ബ്രൂക്കിനെ നായകനാക്കിയാണ് ത്രീ ലയണ്‍സ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട്, ആദില്‍ റഷീദ്, സാം കറന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ട്.

ഇന്ത്യക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, സാഖിബ് മഹ്‌മൂദ്, ആദില്‍ റഷീദ്, ലൂക്ക് വുഡ്.

Content Highlight: Sanju Samson need three catch to create a huge record in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more