| Friday, 2nd October 2026, 6:54 am

പാകിസ്ഥാനെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഏഷ്യൻ ഗെയിംസ് ഫൈനൽ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബർ മൂന്നിന് നടക്കുന്ന കലാശപോരാട്ടത്തിൽ പാകിസ്ഥാനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികൾ. സെമി ഫൈനലിൽ ശ്രീലങ്കക്കെതിരെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാൻ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

സെമിയിൽ ലങ്കക്കെതിരെ തിളങ്ങാൻ സാധിക്കാതെ പോയ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. ആറ് സിക്സുകൾ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ പൂർത്തിയാക്കാൻ മലയാളി താരത്തിന് സാധിക്കും. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും സഞ്ജു മാറും. രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, ആഭിഷേക് ശർമ എന്നിവരാണ് സിക്സറിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം ശ്രീലങ്കയ്ക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ സഞ്ജു സാംസണിനെ വൺഡൗണിൽ എത്തിച്ച് യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയിരുന്നത്. ഫൈനലിൽ സഞ്ജു ഏതു പൊസിഷനിൽ എത്തുമെന്നും കണ്ടുതന്നെ അറിയണം.

ശ്രീലങ്കക്കെതിരെ 124 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറിൽ 45 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിൽ നിലം പതിക്കുകയായിരുന്നു ലങ്ക. സൂപ്പർ താരം ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി. രണ്ട് റൺ ഔട്ടുകളും ഇന്ത്യ നേടി.

ഇന്ത്യക്കായി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഇഷാൻ കിഷനാണ്. 46 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും ഉൾപ്പെടെ 80* റൺസാണ് താരം സ്വന്തമാക്കിയത്. വൈഭവ് 21 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 38 റൺസും നേടി മികവ് കാണിച്ചു.

Content Highlight: Sanju Samson need six sixes to create a new record in international T20

We use cookies to give you the best possible experience. Learn more