ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം ഒക്ടോബർ ഒമ്പതിനാണ് നടക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ വിജയം തുടരാൻ ആയിരിക്കും ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ കരുത്തിലാണ് ശ്രേയസ് അയ്യരും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം മത്സരം വിജയിച്ചുകൊണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനായിരിക്കും കരീബിയൻ പടയുടെ ലക്ഷ്യം.
മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനും ആരാധകർ കാത്തിരിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ മലയാളി താരം രണ്ടാം മത്സരത്തിൽ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. ആറ് സിക്സുകൾ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ പൂർത്തിയാക്കാൻ മലയാളി താരത്തിന് സാധിക്കും.
ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും സഞ്ജു മാറും. രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, ആഭിഷേക് ശർമ എന്നിവരാണ് സിക്സറിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിട്ടുള്ളത്.
വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.
അതേസമയം വിൻഡീസിനെതിരയ ആദ്യ ടി-20 മത്സരത്തിൽ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. 95ൽ നിൽക്കെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.
Content Highlight: Sanju Samson need six sixes to create a historical record in international T20