| Tuesday, 5th May 2026, 4:46 pm

സഞ്ജു വീശിയടിച്ചാല്‍ ധോണി വീഴും; വമ്പന്‍ നേട്ടം കയ്യകലെ

Sudev A

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എത്തുന്നത്.

ഈ നിര്‍ണായകമായ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ഒരു തകര്‍പ്പന്‍ ലിസ്റ്റില്‍ മുന്നോട്ട് കുതിക്കാനുമുള്ള അവസരമുണ്ട്. ഐ.പി.എല്ലില്‍ ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ എം.എസ് ധോണിയെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

ധോണിയെ മറികടക്കാന്‍ ഒരു സിക്‌സര്‍ മാത്രമാണ് സഞ്ജുവിന് വേണ്ടത്. ഐ.പി.എല്ലില്‍ പിന്തുടരുന്ന മത്സരങ്ങളില്‍ ഇതുവരെ 117 സിക്‌സുകളാണ് സഞ്ജു നേടിയിട്ടുള്ളത്. നിലവില്‍ ധോണിക്കൊപ്പം ഈ നേട്ടത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സഞ്ജു.

സഞ്ജു സാംസൺ. Photo: iplt20.com

ഐ.പി.എല്ലില്‍ ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങള്‍, സിക്‌സുകളുടെ എണ്ണം

ക്രിസ് ഗെയ്ല്‍-156

രോഹിത് ശര്‍മ-153

വിരാട് കോഹ്ലി-138

സഞ്ജു സാംസണ്‍-117

എം.എസ് ധോണി-117

കെ.എല്‍ രാഹുല്‍-115

ഡേവിഡ് വാര്‍ണര്‍-114

മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാവും ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും സഞ്ജു ഈ സീസണില്‍ നേടിയിട്ടുണ്ട്. ഇതിലെ ആദ്യ സെഞ്ച്വറി ഇന്ന് നേരിടാന്‍ പോകുന്ന ദല്‍ഹിക്കെതിരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഈ നിര്‍ണായക മത്സരത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson Need one six to Break MS Dhoni Record in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more