2026 ഐ.പി.എല്ലിലെ അവസാന മത്സരത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സും മലയാളി താരം സഞ്ജു സാംസണും. സീസണിലെ അവസാന മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സി.എസ്.കെ കളത്തിലിറങ്ങുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അസ്തമിച്ചിരിക്കുകയാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ചെന്നൈക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ.
ചെന്നൈ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടങ്ങളില്‍ തന്നെയാവും. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 13 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്.
സീസണിലെ അവസാന മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെതിരെ സഞ്ജുവിന്റെ മറ്റൊരു സെഞ്ച്വറി കൂടി പിറക്കുകയാണെങ്കില്‍ ഐ.പി.എല്ലില്‍ ഒരു സീസണില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്ക് സഞ്ജുവിന് നടന്നുകയറാന്‍ സാധിക്കും.
ഈ നേട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ റെക്കോഡിനൊപ്പമെത്താനും സഞ്ജുവിന് സാധിക്കും. 2024 സീസണിലാണ് ഗില്‍ മൂന്ന് സെഞ്ച്വറികള്‍ അടിച്ചെടുത്തത്. നിലവില്‍ ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയ ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊപ്പമാണ് സഞ്ജു.
ഒരു സീസണില്‍ നാല് സെഞ്ച്വറികള്‍ വീതം നേടിയ രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്. വിരാട് കോഹ്‌ലിയും ജോസ് ബട്‌ലറുമാണ് ഈ നേട്ടത്തിലുള്ളത്. വിരാട് 2016ലും ബട്‌ലര്‍ 2022ലുമാണ് നാല് തവണ മൂന്നക്കം കടന്നത്.
അതേസമയം ഗുജറാത്ത് ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഹൈദരാബാദ് ചെന്നൈയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയത്. നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് ടേബിള്‍ ടോപ് ഉറപ്പാക്കണമെങ്കില്‍ ചെന്നൈക്കെതിരെ വിജയം അനിവാര്യമാണ്. 13 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയിന്റാണ് ഗുജറാത്തിന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Sanju Samson need one century to equal Shubhman Gill record in IPL