| Friday, 26th June 2026, 4:16 pm

വേണ്ടത് ഒന്ന് മാത്രം; ചരിത്രത്തിന്റെ നെറുകയിലെത്താന്‍ സഞ്ജു ഇറങ്ങുന്നു

സുദേവ് എ

ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്നാണ് (ജൂണ്‍ 26) രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടാണ് മത്സരത്തിന്റെ വേദി.

ഈ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. ഇതിനൊപ്പം 15 കാരന്‍ വൈഭവ് സൂര്യവംശി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലെത്തുമോ എന്ന ആകാംക്ഷ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ട്.

ഇതിനെല്ലാം പുറമെ ടി – 20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്ന ആദ്യ പരമ്പര എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അയര്‍ലാന്‍ഡിനെതിരെ സഞ്ജുവിന് ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. രണ്ട് മത്സരങ്ങളില്‍ ഒരു സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി – 20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാണ് സഞ്ജുവിന് സാധിക്കുക.

നിലവില്‍ കുട്ടി ക്രിക്കറ്റില്‍ താരത്തിന് മൂന്ന് സെഞ്ച്വറികളുണ്ട്. നാല് സെഞ്ച്വറികളുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം എത്താനും സഞ്ജുവിന് സാദിക്കും.

ടി – 20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം, സെഞ്ച്വറികളുടെ എണ്ണം

രോഹിത് ശര്‍മ – 5

സൂര്യകുമാര്‍ യാദവ് – 4

സഞ്ജു സാംസണ്‍ – 3

അഭിഷേക് ശര്‍മ – 2

തിലക് വര്‍മ്മ – 2

കെ.എല്‍ രാഹുല്‍ – 2

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ വിക്കറ്റ് കീപ്പര്‍ അരങ്ങേറ്റ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറായായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ അയര്‍ലാന്‍ഡ് പരമ്പരയിലും സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sanju Samson need one century to create a new milestone in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more