ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെ (ജൂലൈ 5) തുടക്കമാകും. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്.
ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരീസ് കൈവിട്ടത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
സഞ്ജു സാംസൺ. Photo: BCCI/x.com
മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു മിന്നും നേട്ടമാണ്.
അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് 96 റണ്‍സ് മാത്രമാണ്. ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ സഞ്ജുവിന് 1404 റണ്‍സുണ്ട്. 64 ടി-20 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ 191 മത്സരങ്ങളില്‍ നിന്ന് 5181 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ഫോര്‍മാറ്റില്‍ കളിച്ചത്.
എന്നാല്‍ അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണ് മടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.