| Wednesday, 2nd September 2026, 6:55 am

തിരിച്ചുവരവില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; മുന്നിലുള്ളത് ഇതിഹാസ നേട്ടം

സുദേവ് എ

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.

ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉണ്ടായിരുന്നില്ല.

അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അഫ്ഗാന്‍ പരമ്പരയില്‍ ഇടം നേടി വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് മലയാളി താരം ഒരുങ്ങുന്നത്.

പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ടി-20യിലെ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 9000 റണ്‍സെന്ന ചരിത്രനേട്ടത്തിന്റെ അരികിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 90 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഈ നാഴികക്കല്ല് പിന്നിടാനാവും.

ഇതുവരെ 348 ടി-20 മത്സരങ്ങളില്‍ നിന്നും 8910 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളും ആണ് കുട്ടിക്രിക്കറ്റില്‍ സഞ്ജു നേടിയിട്ടുള്ളത്. ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

അതേസമയം അഫ്ഗാനെതിരായ സ്‌ക്വാഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളും ഇടം നേടിയിട്ടുണ്ട്.

ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സിംബാബ്വേക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവര്‍ത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Content Highlight: Sanju Samson need 90 runs to create a huge milestone in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more