ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ശ്രേയസ് അയ്യരും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് പരമ്പരയിൽ സമനില പിടിക്കാനാണ് സ്വന്തം മണ്ണിൽ കിവികൾ പോരാട്ടത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത മലയാളി സൂപ്പർ താരം സഞ്ജു സാംസൺ തന്നെയായിരിക്കും ഈ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് നിരയിലെ നിർണായക താരം.
മത്സരത്തിൽ വെടിക്കെട്ട് പ്രകടനം ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും സാധിക്കും. ഇന്റർനാഷണൽ ടി-20യിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ 100 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമാവാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്.
ഇതുവരെ 91 സ്വിക്സുകളാണ് സഞ്ജു വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളത്. ഒമ്പത് സിക്സുകൾ കൂടി സഞ്ജുവിന്റെ ബാറ്റിൽ നിന്നും പുതിയ ചരിത്ര നിമിഷത്തിനും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിക്കും.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയായിരുന്നു. രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമൻ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തിൽ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
ഇന്റർനാഷണൽ ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺ ചെയ്സിങ് ആയിരുന്നു ഇത്. 2023ൽ വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരെ നടത്തിയ 209 റൺസിന്റെ ചെയ്സിങ് റെക്കോഡായിരുന്നു അയ്യരും സംഘവും പഴങ്കഥയാക്കിയത്.
Content Highlight: Sanju Samson need 9 six to create a new history in T20