2026 സയ്യിദ് മുഷ്താഖലി ട്രോഫിയിൽ മികച്ച ഫോമിലാണ് സഞ്ജു സാംസണിന്റെ കീഴിൽ കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും രണ്ട് തോൽവിയുമാണ് കേരളത്തിന്റെ സമ്പാദ്യം. നാളെയാണ് കേരളം തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. ആസാമാണ് എതിരാളികൾ.
സഹതാരങ്ങൾക്ക് വേണ്ടി തന്റെ ഓപ്പണിങ് പൊസിഷൻ വിട്ടു നൽകിയാണ് സഞ്ജു ടൂർണമെന്റിൽ ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഏഴാം നമ്പറിലും വരെ പല മത്സരങ്ങളിലും സഞ്ജു ബാറ്റ് വീശി.
വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ടി-20യിൽ ഒരു പുതിയ നാഴികക്കല്ലും കൈപ്പിടിയിലാക്കാൻ സാധിക്കും. ടി-20യിൽ 9500 റൺസ് പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി 84 റൺസ് മാത്രമാണ് മലയാളി താരത്തിന് ആവശ്യമുള്ളത്.
ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുള്ളൂ. 84 റൺസ് കൂടി നേടിയാൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറാൻ സഞ്ജുവിന് സാധിക്കും.
ഇതിനോടകം തന്നെ 369 ടി-20 മത്സരങ്ങളിൽ നിന്നും 9416 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 60 അർധ സെഞ്ച്വറികളുമാണ് സഞ്ജു കുട്ടിക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുള്ളത്.
ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്.
അതേസമയം ചരിത്രത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. 2021ലും 2023ലും ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ടൂർണമെന്റിൽ കേരളത്തിന്റെ ഏറ്റവും പ്രകടനം പ്രകടനം. ഇത്തവണ സഞ്ജുവിന്റെ ചിറകിലേറി കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം
സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അഖിൽ സ്കറിയ, നിഖിൽ എം., വിഘ്നേഷ് പുത്തൂർ, ബിജു നാരായണൻ എൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീൻ എൻ.എം, ജലജ് സക്സേന.
Content Highlight: Sanju Samson need 84 runs to create a new milestone in T20