2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമിന്റെ എതിരാളികള്‍. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ ഇതേ എല്‍.എസ്. ജിയെ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടായിരിക്കും സി.എസ്.കെ കളത്തിലിറങ്ങുക.
നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് ജയവുമായി 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവും. ഇന്ന് എല്‍.എസ്.ജിയെ വീഴ്ത്തിയാല്‍ 14 പോയിന്റോടെ ടോപ് ഫോറിലേക്ക് കുതിക്കാനും ഋതുരാജ് ഗെയ്ക്വാദിനും സംഘത്തിനും സാധിക്കും. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ലഖ്നൗ ആശ്വാസ വിജയമായിരിക്കും ലക്ഷ്യം വെക്കുക.
മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ഈ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്.
ലഖ്‌നൗനെതിരെയുള്ള ഈ മത്സരത്തിനിറങ്ങുമ്പോള്‍ സഞ്ജുവിന് ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവുമുണ്ട്. ഐ.പി.എല്ലില്‍ 250 സിക്സറുകള്‍ എന്ന പുത്തന്‍ നാഴികക്കല്ലാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് എട്ട് സിക്‌സറുകളാണ്.
ഇതുവരെ ഐ.പി.എല്ലില്‍ 242 സിക്‌സുകളാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. 182 ഇന്നിങ്‌സുകളില്‍ കളിച്ചാണ് താരം ഇത്രയും സിക്സറുകള്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങിയിട്ടുള്ളത്.
ഈ സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്നും 430 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.
Content Highlight: Sanju Samson need 8 six to complete 250 sixes in IPL