| Monday, 18th May 2026, 6:55 am

ചരിത്രം കുറിക്കാന്‍ സഞ്ജു; തകര്‍ത്തടിച്ചാല്‍ കോഹ്ലിയും ഹൈദരാബാദും ഒരുമിച്ച് വീഴും

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട ചെന്നൈക്ക് ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

മറുഭാഗത്ത് ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 14 പോയിന്റാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. ഇന്ന് ചെന്നൈയെ വീഴ്ത്തിയാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് കടക്കാം.

മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ഈ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്.

മത്സരത്തില്‍ ഓറഞ്ച് ആര്‍മിക്കെതിരെ സഞ്ജുവിന് ഒരു തകര്‍പ്പന്‍ റെക്കോഡ് കൈപ്പിടിയിലാക്കാനുള്ള സുവര്‍ണാവസരവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഞ്ജുവിന് ഇനി 70 റണ്‍സ് മാത്രം മതി.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഓറഞ്ച് ആര്‍മിക്കെതിരെ 25 ഇന്നിങ്‌സില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 874 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍താരം വിരാട് കോഹ്ലിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 26 മത്സരങ്ങളില്‍ നിന്നും 943 റണ്‍സാണ് കോഹ്ലി ഓറഞ്ച് ആര്‍മിക്കെതിരെ നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ നിര്‍ണായക മത്സരത്തില്‍ തകര്‍ത്തടിച്ചാല്‍ വിരാടിനെ മറികടന്ന് ഒന്നാമനാവാനും സഞ്ജുവിന് സാധിക്കും.

ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlight: Sanju Samson need 70 runs to create a historical achievement against srh in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more