| Saturday, 16th May 2026, 11:31 am

ചരിത്രത്തിൽ നിന്നും കോഹ്‌ലിയെ വെട്ടാൻ സഞ്ജു; വമ്പൻ നേട്ടത്തിനരികെ ചേട്ടൻ

Sudev A

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ടിരുന്നു. എൽ.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ലഖ്നൗ ചെന്നൈയെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തോൽവിയോടെ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാൻ സാധിക്കൂ. സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങൾ.

മെയ് 18നാണ് ചെന്നൈ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ചെന്നൈക്ക് കരുത്ത് പകരുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്.

അടുത്ത മത്സരത്തിൽ ഓറഞ്ച് ആർമിക്കെതിരെ സഞ്ജുവിന് ഒരു തകർപ്പൻ റെക്കോഡ് കൈപ്പിടിയിലാക്കാനുള്ള സുവർണാവസരവുമുണ്ട്. ഐ.പി.എൽ ചരിത്രത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്താൻ സഞ്ജുവിന് ഇനി 70 റൺസ് മാത്രം മതി.

സഞ്ജു സാംസൺ. Photo: iplt20.com

ഓറഞ്ച് ആർമിക്കെതിരെ 25 ഇന്നിങ്സിൽ നിന്നും അഞ്ച് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 874 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 2019 സീസണിൽ ആയിരുന്നു ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തിൽ പുറത്താവാതെ 102 റൺസ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകർപ്പൻ പ്രകടനം. 185.45 സ്ട്രൈക്ക് റേറ്റിൽ പത്ത് ഫോറുകളും നാല് സിക്‌സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പർതാരം വിരാട് കോഹ്‌ലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 26 മത്സരങ്ങളിൽ നിന്നും 943 റൺസാണ് കോഹ്‌ലി ഓറഞ്ച് ആർമിക്കെതിരെ നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ നിർണായക മത്സരത്തിൽ തകർത്തടിച്ചാൽ വിരാടിനെ മറികടന്ന് ഒന്നാമനാവാനും സഞ്ജുവിന് സാധിക്കും.

അതേസമയം ഐ.പി.എൽ പോയിന്റ് പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്. 12 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും അഞ്ച് തോൽവിയും അടക്കം 12 പോയിന്റാണ് പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്.

Content Highlight: Sanju Samson need 70 runs to break Virat Kohli record against srh in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more