2026 ഐ.പി.എല്ലിലെ അവസാന മത്സരത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മെയ് 21ന് ഗുജറാത്ത് ടൈറ്റന്‍സാണ് സി.എസ്.കെയുടെ എതിരാളികള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ വീഴ്ത്തുകയും മറ്റ് ടീമുകളുടെ ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് കയറാനാവും.
ഈ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഐ.പി.എല്ലില്‍ 250 സിക്‌സറുകള്‍ എന്ന പുത്തന്‍ നാഴികക്കല്ലാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് ഏഴ് സിക്സറുകളാണ്.
ഇതുവരെ ഐ.പി.എല്ലില്‍ 243 സിക്സുകളാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങിയിട്ടുള്ളത്.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ഈ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 13 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മത്സരത്തിലാണ് ചെന്നൈ ഹൈദരാബാദിനെതിരെ പരാജയപ്പെട്ടത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Sanju Samson need 7 six create a new milestone in ipl