| Thursday, 21st May 2026, 10:19 am

ഒറ്റയടിക്ക് 2026 തൂക്കാം; 13 വര്‍ഷത്തെ കരിയര്‍ തിരുത്താനൊരുങ്ങി സഞ്ജു

Sudev A

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ പല റെക്കോഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. നിലവില്‍ സീസണിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സി.എസ്.കെ കളത്തിലിറങ്ങുന്നത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരം വിജയിച്ച് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

സഞ്ജു സാംസണ്‍ അവസാന മത്സരത്തിലും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ സീസണില്‍ ഇതിനോടകം തന്നെ 13 മത്സരങ്ങളില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ സീസണിലെ മിന്നും ഫോം ഗുജറാത്തിനെതിരെയുള്ള മത്സരത്തിലും തുടരാനായാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കും. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഐ.പി.എല്‍ സീസണാക്കി മാറ്റാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയത്. 2024ല്‍ 15 മത്സരങ്ങളില്‍ നിന്നും 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ ഈ റണ്‍സ് നേട്ടം മറികടക്കാനും സഞ്ജുവിന് ഇന്ന് തിളങ്ങിയാല്‍ സാധിക്കും. ഗുജറാത്തിനെതിരെ 55 റണ്‍സ് കൂടി നേടിയാല്‍ 13 വര്‍ഷത്തെ ഐ.പി.എല്‍ കരിയറിലെ തന്റെ ഏറ്റവും മികച്ച സീസണാക്കി മാറ്റാനും സഞ്ജുവിനാവും.

സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlight: Sanju Samson need 55 runs to create his best ipl season ever in history

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more